
തിരുവനന്തപുരം : എ ഡി ജി പി ആയിരുന്ന എം ആർ അജിത് കുമാർ ആർ എസ് എസ് നേതാവിനെ കാണാൻ പോയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇ ഡി നോട്ടീസ് നൽകിയതിന് പിന്നാലെയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. എന്തുകൊണ്ടാണ് നോട്ടീസ് നൽകിയ വിവരം ഇ ഡിയും മുഖ്യമന്ത്രിയും ഇത്രയും നാൾ മറച്ചുവച്ചതെന്നും അദ്ദേഹം ചോദിച്ചു.(VD Satheesan against CM)
തൃശ്ശൂർ പൂരം കലക്കിയെന്നും തൃശ്ശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സിപിഎം സഹായിച്ചെന്നുമുള്ള ആരോപണങ്ങൾ ഇതിന് പിന്നാലെയാണ് വരുന്നതെന്നും, ഇതെല്ലാം സെറ്റിൽമെന്റ് ആണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് അടിവരയിടുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന സംഭവങ്ങൾ എന്നും അദ്ദേഹം ആരോപിച്ചു.
വസ്തുത പുറത്ത് വരണമെന്നും, വിഷയത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം എന്നും ആവശ്യപ്പെട്ട അദ്ദേഹം, ഇ ഡിയും കാര്യം വ്യക്തമാക്കണമെന്നും പറഞ്ഞു. ഷാഫിയുടെ ചോര നിലത്തുവീണിട്ടുണ്ടെങ്കിൽ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു. ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും, ശക്‌തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.