Oommen Chandy : 'ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല': വൈകാരികമായ കുറിപ്പുമായി വി ഡി സതീശൻ

ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങിയെന്നും, നിശബ്ദ നൊമ്പരത്തോടെ താനടക്കം അനുഗമിച്ചുവെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലെ കുറിപ്പിൽ എഴുതി
VD Satheesan about Oommen Chandy
Published on

തിരുവനന്തപുരം : മുൻ കേരള മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 'കേരളത്തിന്റെ ജനനായകന്‍ യാത്രയായിട്ട് രണ്ട് വർഷമായി. രണ്ട് വർഷം മുൻപ് ഒരു ബസിൽ പുതുപ്പള്ളി ഹൗസില്‍ നിന്ന് ദര്‍ബാര്‍ ഹാളും കഴിഞ്ഞ് ജീവന്റെ ഭാഗമായിരുന്ന ഇന്ദിരാഭവനോട് വിട പറഞ്ഞ് ഉമ്മന്‍ ചാണ്ടി സാർ തിരുവനന്തപുരത്ത് നിന്ന് മടങ്ങി', അദ്ദേഹം കൂട്ടിച്ചേർത്തു.(VD Satheesan about Oommen Chandy)

ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങിയെന്നും, നിശബ്ദ നൊമ്പരത്തോടെ താനടക്കം അനുഗമിച്ചുവെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലെ കുറിപ്പിൽ എഴുതി. ആശ്രയം തേടി വന്നവരോട്, ഫോണിൻ്റെ മറുതലയ്ക്കൽ ഉള്ളവരോട് കുലമേതന്നോ ജാതി ഏതെന്നോ രാഷ്ട്രീയം ഏതന്നോ ചിലപ്പോൾ പേര് എന്തെന്ന് പോലും അദ്ദേഹം ചോദിച്ചിട്ടില്ല എന്നും, ആവശ്യം മാത്രം കേട്ടു പരിഹാരം ഉണ്ടാക്കിയെന്നും സതീശൻ കൂട്ടിച്ചേർത്തു.

'അതുകൊണ്ട് മാത്രമാണ് മറ്റാർക്കും കിട്ടാത്തൊരു യാത്ര അയപ്പ് ഉമ്മൻചാണ്ടിക്ക് മാത്രം കിട്ടിയത്. അങ്ങനെയാണ് ഉമ്മൻ ചാണ്ടി എന്ന പേരും ഒ.സി എന്ന വിളിപ്പേരും ചരിത്രമായത്', വി ഡി സതീശൻ എഴുതി.

വി ഡി സതീശൻ്റെ കുറിപ്പിൻ്റെ പൂർണ്ണ രൂപം

ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായിട്ട് രണ്ട് വർഷമായി. രണ്ട് വർഷം മുൻപ് ഒരു ബസിൽ പുതുപ്പള്ളി ഹൗസില്‍ നിന്ന് ദര്‍ബാര്‍ ഹാളും കഴിഞ്ഞ് ജീവന്റെ ഭാഗമായിരുന്ന ഇന്ദിരാഭവനോട് വിട പറഞ്ഞ് ഉമ്മന്‍ ചാണ്ടി സാർ തിരുവനന്തപുരത്ത് നിന്ന് മടങ്ങി.

ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി.

നിശബ്ദ നൊമ്പരത്തോടെ ഞാനടക്കം അനുഗമിച്ചു.

ആയിരങ്ങളുടെ, പതിനായിരങ്ങളുടെ, ലക്ഷങ്ങളുടെ സ്നേഹവും ആദരവും ഏറ്റുവാങ്ങിയുള്ള ഒരു യഥാർഥ ജനനായകൻ്റെ മടക്കം. ആശ്രയം തേടി വന്നവരോട്, ഫോണിൻ്റെ മറുതലയ്ക്കൽ ഉള്ളവരോട് കുലമേതന്നോ ജാതി ഏതെന്നോ രാഷ്ട്രീയം ഏതന്നോ ചിലപ്പോൾ പേര് എന്തെന്ന് പോലും അദ്ദേഹം ചോദിച്ചിട്ടില്ല. ആവശ്യം മാത്രം കേട്ടു. പരിഹാരം ഉണ്ടാക്കി. അങ്ങനെയാണ് ഉമ്മൻ ചാണ്ടി എന്ന പേര് സ്വർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടത്. അതുകൊണ്ടാണ് പാതയോരങ്ങൾ നിറഞ്ഞ് കവിഞ്ഞത്. അതുകൊണ്ടാണ് സാധാരണക്കാർ കണ്ണീരണിഞ്ഞത്. അതുകൊണ്ട് മാത്രമാണ് മറ്റാർക്കും കിട്ടാത്തൊരു യാത്ര അയപ്പ് ഉമ്മൻചാണ്ടിക്ക് മാത്രം കിട്ടിയത്. അങ്ങനെയാണ് ഉമ്മൻ ചാണ്ടി എന്ന പേരും ഒ.സി എന്ന വിളിപ്പേരും ചരിത്രമായത്.

Related Stories

No stories found.
Times Kerala
timeskerala.com