തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെയുള്ള നടപടി മാതൃകാപരമാണെന്ന് പറഞ്ഞ് രംഗത്തെത്തി. ഒരു പരാതിയോ തെളിവോ ഇല്ലാതെ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. (VD Satheesan about action against Rahul Mamkootathil)
ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഇത്തരം തീരുമാനം കേരളത്തിൽ എടുത്തിട്ടുണ്ടോ എന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. വിഷയം പാർട്ടി ഗൗരവകരമായ രീതിയിൽ തന്നെ പരിശോധിച്ചുവെന്നും, മുഴുവൻ നേതാക്കളുമായും ആശയവിനിമയം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. സി പി എമ്മിൽ റേപ്പ് കേസ് പ്രതിയും ബി ജെ പിയിൽ പോക്സോ കേസ് പ്രതിയും പ്രവർത്തിക്കുന്നുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
സ്ത്രീകളോടുള്ള ആദരവിൻ്റെ ഭാഗമായാണ് തങ്ങളുടെ പ്രസ്ഥാനം ഏറ്റവും അടുപ്പമുള്ളയാൾക്കെതിരെ നടപടി എടുത്തതെന്നും കോൺഗ്രസ് മറ്റുള്ള പാർട്ടികളെപ്പോലെയല്ല എന്ന് തെളിയിക്കുമെന്നും സതീശൻ പ്രതികരിച്ചു. എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടും എം എൽ എ ആയി ഇരിക്കുന്നവർ മുഖ്യമന്ത്രിയുടെ ഓഫീസ് മുതലുണ്ട് എന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.