തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ജെ.ബി. പാർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ചാൻസലറായ ഗവർണർ കഴിഞ്ഞ ദിവസം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. മെറിറ്റ് മറികടന്നാണ് മുഖ്യമന്ത്രി മുൻഗണനാ ക്രമം നിശ്ചയിച്ചതെന്ന് ഗവർണർ ആരോപിക്കുന്നു. (VC appointment controversy, Supreme Court to consider case today)
സാങ്കേതിക സർവകലാശാല വി.സിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വി.സിയായി ഡോ. പ്രിയ ചന്ദ്രയെയും നിയമിക്കാൻ അനുമതി നൽകണം. സെർച്ച് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് സുധാംശു ധൂലിയ നൽകിയ രണ്ട് പട്ടികകളിലും ഇടം നേടിയവരാണ് ഇരുവരും.
മുഖ്യമന്ത്രി നൽകിയ പേരുകളിലുള്ള തൻ്റെ എതിർപ്പും ഗവർണർ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി നൽകിയ പേരുകൾ സജി ഗോപിനാഥൻ്റെയും എം.എസ്. രാജശ്രീയുടെയുമാണ്. ഇവർക്കെതിരെ ചില ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. വി.സി. ആയിരുന്ന കാലത്ത് സർവകലാശാലയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി പട്ടികയിൽ നിന്ന് സിസ തോമസിനെ ഒഴിവാക്കിയത്. മുഖ്യമന്ത്രി നിർദ്ദേശിച്ച സജി ഗോപിനാഥനെയും എം.എസ്. രാജശ്രീയെയും നിയമിക്കാൻ ആകില്ലെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ, സർക്കാർ നൽകിയ പട്ടികയിൽ ഗവർണർ തീരുമാനമെടുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പരാമർശിച്ചിരുന്നു. സെർച്ച് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് സുധാംശു ധൂലിയ പേരുകൾ ശുപാർശ ചെയ്തിട്ടും തീരുമാനമെടുക്കാൻ ഗവർണർ വൈകുന്നതിൽ സുപ്രീംകോടതി അന്ന് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ കോടതിയുടെ തുടർനടപടികൾ എന്തായിരിക്കുമെന്നാണ് സംസ്ഥാന സർക്കാർ ഉറ്റുനോക്കുന്നത്. ഇതിനിടെ, ഗവർണർക്കെതിരെ എസ്എഫ്‌ഐ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.