തിരുവനന്തപുരം: പ്രിയ നേതാവിന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു. എസ്.യു.ടി ആശുപത്രിയിൽ നിന്ന് 7.15-ഓടെ വിഎസിന്‍റെ മൃതദേഹം ആംബുലൻസിൽ തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു.ആശുപത്രിയിൽ നിന്ന് പുറത്തെത്തിച്ച മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും ചേർന്ന് ഏറ്റുവാങ്ങി.
കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി പ്രിയനേതാവിന് യാത്രമൊഴി നൽകുന്ന വൈകാരികരംഗങ്ങളാണ് എകെജി പഠനകേന്ദ്രത്തിന് മുന്നിൽ കണ്ടത്.
എകെജി സെന്ററിലെത്തിച്ച മൃതദേഹം ഇന്ന് രാത്രി ഇവിടെ പൊതുദർശനത്തിന് വെക്കും. പിന്നീട് മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോകും.പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠനകേന്ദ്രത്തിന് മുന്നിൽ ഒഴുകിയെത്തിയത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു വി.എസിൻ്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന കേരളത്തിൻ്റെ പ്രിയ നേതാവ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ മരിച്ചത് ഇന്ന് വൈകിട്ട് 3.20 ന്.
മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടിന് ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം ഉച്ചയോടെ ആലപ്പുഴയ്ക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക്ശേഷം വലിയ ചുടുകാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം.