തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് 19 വയസ്സുകാരിയായ ശ്രീക്കുട്ടിയെ ചവിട്ടി താഴെയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാറിനെ കൂടുതൽ സാക്ഷികൾ തിരിച്ചറിഞ്ഞു. ആക്രമിക്കപ്പെട്ട പെൺകുട്ടിക്കൊപ്പം യാത്ര ചെയ്ത സുഹൃത്ത് ഇന്നലെ തന്നെ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് മറ്റ് രണ്ട് സഹയാത്രികർ കൂടി മൊഴി നൽകിയിരിക്കുന്നത്.(Varkala train attack, Witnesses identify accused Suresh Kumar)
ജനറൽ കംപാർട്ട്‌മെൻ്റിലുണ്ടായിരുന്ന രണ്ട് പുരുഷന്മാരാണ് ഇപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവർ തമ്പാനൂരിലെ കേരള റെയിൽവേ പോലീസ് സ്റ്റേഷനിൽ എത്തി പ്രതിയെ തിരിച്ചറിയുകയും മൊഴി നൽകുകയും ചെയ്തു.
പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്തുമായി പ്രതി ബലപ്രയോഗം നടത്തുന്നത് കണ്ടതായി സാക്ഷികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. ബോഗിയിലുണ്ടായിരുന്ന മറ്റ് ആളുകളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
വർക്കല അയന്തി മേൽപ്പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലേക്കാണ് പ്രതി സുരേഷ് കുമാർ പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ടത്. ആംബുലൻസിന് പോലും കടന്നു വരാൻ വഴിയില്ലാത്ത കാടുമൂടിയ വിജനമായ സ്ഥലത്തായിരുന്നു അതിക്രമം നടന്നത്.
അതേസമയം, ട്രെയിനുകളിലെ സുരക്ഷാ വീഴ്ച പുറത്തുവന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അതിക്രമം നടന്ന കേരള എക്സ്പ്രസ് ട്രെയിനിൽ സുരക്ഷയ്ക്കായി ഒരു പോലീസുകാരൻ പോലും ഉണ്ടായിരുന്നില്ല എന്ന വിവരമാണ് പുറത്തുവരുന്നത്. ആർ.പി.എഫിൻ്റെയോ കേരള റെയിൽവേ പോലീസിൻ്റെയോ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല.
ക്രൈംപാറ്റേൺ അനുസരിച്ചാണ് പോലീസിനെ വിന്യസിക്കുന്നതെന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) വ്യക്തമാക്കുന്നത്. സാധാരണ കുറ്റകൃത്യങ്ങൾ നടക്കാത്ത ട്രെയിനിൽ പോലീസുകാരെ വിന്യസിക്കാറില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ട്രെയിൻ സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് ഈ സുരക്ഷാ വീഴ്ചയുടെ വിവരങ്ങൾ പുറത്തുവരുന്നത്.