തിരുവനന്തപുരം: വർക്കലയിൽ കേരള എക്‌സ്‌പ്രസ് ട്രെയിനിൽ നിന്ന് യാത്രക്കാരൻ ചവിട്ടിത്തള്ളിയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി (19) എന്ന സോനയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.(Varkala train attack victim in surgical ICU)
ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ അറിയിച്ചു. തലച്ചോറിനാണ് ഗുരുതരമായ പരിക്കേറ്റിരിക്കുന്നത്. തലച്ചോറിൽ ചതവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പെൺകുട്ടി സർജിക്കൽ ഐ.സി.യുവിൽ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഇപ്പോഴും കഴിയുന്നത്. ന്യൂറോ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ഏറ്റവും മികച്ച ചികിത്സയാണ് നിലവിൽ നൽകുന്നതെന്നും, പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ഡോ. ജയചന്ദ്രൻ വ്യക്തമാക്കി.
ചികിത്സയിൽ തൃപ്തരല്ലെന്നും മികച്ച ചികിത്സ ലഭ്യമാക്കണമെന്നും പെൺകുട്ടിയുടെ അമ്മ ഇന്നലെ പ്രതികരിച്ചിരുന്നു. ഈ ആരോപണത്തോട് പ്രതികരിച്ച മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രഗത്ഭരായ ഡോക്ടർമാരുടെ സംഘമാണ് ശ്രീക്കുട്ടിയെ ചികിത്സിക്കുന്നതെന്നും, കുടുംബം എന്തുകൊണ്ടാണ് അത്തരമൊരു പ്രതികരണം നടത്തിയതെന്ന് അറിയില്ലെന്നും വ്യക്തമാക്കി.
കേരള എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് 19-കാരിക്ക് നേരെ അതിക്രമം ഉണ്ടായത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശുചിമുറി ഉപയോഗിക്കാനായി വാതിൽക്കൽ എത്തിയപ്പോൾ വാക്കുതർക്കമുണ്ടായതാണ് ആക്രമണത്തിന് കാരണം. വാതിൽക്കൽ നിന്ന് മാറാത്തതിലുള്ള വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയെ പിന്നിൽ നിന്നും തള്ളിയിട്ടതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
പനച്ചിമൂട് സ്വദേശിയായ സുരേഷ് കുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ വധശ്രമത്തിനാണ് (IPC 307) കേസെടുത്തിരിക്കുന്നത്. പ്രതിയായ സുരേഷ് കുമാറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.