വർക്കല ട്രെയിൻ ആക്രമണം: ഒടുവിൽ ആ 'ചുവന്ന ഷർട്ട്' ധരിച്ച രക്ഷകനെ കണ്ടെത്തി, ബീഹാർ സ്വദേശി ശങ്കർ പാസ്വാൻ പ്രധാന സാക്ഷി, പ്രതിയുമായി തെളിവെടുപ്പ് നടത്തി; സംഭവം പുനരാവിഷ്‌ക്കരിച്ചു | Train attack

ശങ്കർ പാസ്വാനെയാണ് പോലീസ് തിരിച്ചറിഞ്ഞത്
വർക്കല ട്രെയിൻ ആക്രമണം: ഒടുവിൽ ആ 'ചുവന്ന ഷർട്ട്' ധരിച്ച രക്ഷകനെ കണ്ടെത്തി, ബീഹാർ സ്വദേശി ശങ്കർ പാസ്വാൻ പ്രധാന സാക്ഷി, പ്രതിയുമായി തെളിവെടുപ്പ് നടത്തി; സംഭവം പുനരാവിഷ്‌ക്കരിച്ചു | Train attack
Published on

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ വെച്ച് പെൺകുട്ടിക്കെതിരെ നടന്ന ആക്രമണത്തിൽ പ്രതിയെ സംഭവസ്ഥലം പുനരാവിഷ്കരിച്ച് റെയിൽവേ പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ കേരള എക്സ്‌പ്രസിൻ്റെ അതേ കോച്ചിൽ എത്തിച്ചാണ് നിർണ്ണായകമായ തെളിവെടുപ്പ് പൂർത്തിയാക്കിയത്.(Varkala train attack, The savior wearing that 'red shirt' has finally been found)

യാതൊരു പ്രകോപനവും ഇല്ലാതെ വാതിൽ പടിയിലിരുന്ന പെൺകുട്ടിയെയും സുഹൃത്തിനെയും ചവിട്ടി താഴേക്ക് ഇട്ടെന്ന് പ്രതി പോലീസിനോട് വിശദീകരിച്ചു. വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാല് ദിവസത്തേക്കാണ് പ്രതിയെ റെയിൽവേ പോലീസിൻ്റെ കസ്റ്റഡിയിൽ വിട്ടത്. നാളെ കസ്റ്റഡി കാലാവധി പൂർത്തിയാകാനിരിക്കെ, പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

ട്രെയിനിൽ കയറുന്നതിന് മുൻപ് പ്രതി മദ്യപിച്ച കോട്ടയത്തെ ബാറിലെത്തിച്ചും അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഉടൻതന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കങ്ങളും പോലീസ് നടത്തുന്നുണ്ട്. യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ട കേസിൽ പ്രതിയെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ റെയിൽവേ പോലീസ് കണ്ടെത്തി. കേസിലെ പ്രധാന സാക്ഷിയും രക്ഷകനുമായ ബിഹാർ സ്വദേശി ശങ്കർ പാസ്വാനെയാണ് പോലീസ് തിരിച്ചറിഞ്ഞത്.

പത്തൊൻപതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ പ്രതിയിൽനിന്ന് രക്ഷിച്ചതും ഇദ്ദേഹമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ശങ്കർ പാസ്വാൻ്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതിയെ കീഴ്‌പ്പെടുത്തിയ രക്ഷകനെ കണ്ടെത്താനായി പോലീസ് നേരത്തെ പരസ്യം ചെയ്തിരുന്നു.

പ്രതിയായ സുരേഷ്, ശ്രീക്കുട്ടിയെ തള്ളിയിട്ട ശേഷം അർച്ചനയെ ആക്രമിക്കാൻ ഒരുങ്ങുമ്പോഴാണ് 'ചുവന്ന ഷർട്ട് ധരിച്ച' ഈ വ്യക്തി ഇടപെട്ടത്. ഇദ്ദേഹം ഓടിയെത്തി ഒറ്റക്കൈ കൊണ്ട് അർച്ചനയെ ട്രെയിനിലേക്ക് തിരികെ പിടിച്ചുകയറ്റുന്നതും, തുടർന്ന് സുരേഷിനെ സാഹസികമായി കീഴ്‌പ്പെടുത്തുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ഇതര സംസ്ഥാന തൊഴിലാളിയായ ശങ്കർ പാസ്വാനെ പോലീസ് തിരിച്ചറിഞ്ഞത്. കേസിൻ്റെ അന്വേഷണത്തിൽ ഇദ്ദേഹത്തിൻ്റെ മൊഴി നിർണ്ണായകമാകും.

Related Stories

No stories found.
Times Kerala
timeskerala.com