തിരുവനന്തപുരം: വർക്കലയിൽ കേരള എക്‌സ്പ്രസ് ട്രെയിനിൽ മദ്യലഹരിയിൽ യാത്രക്കാരൻ ചവിട്ടി താഴെയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിക്ക് (19) ആശുപത്രി അധികൃതർ സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. മികച്ച ചികിത്സ നൽകുന്നില്ലെന്ന ശ്രീക്കുട്ടിയുടെ കുടുംബത്തിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നും അധികൃതർ വ്യക്തമാക്കി.(Varkala train attack, Medical college authorities reject family's allegations about treatment)
ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെങ്കിലും, ആശുപത്രിയിൽ എത്തിച്ചതിനേക്കാൾ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ശ്രീക്കുട്ടിയുടെ തലയിൽ പലയിടത്തും ചതവുകളുണ്ട്. ഈ ചതവുകൾ സുഖപ്പെടാൻ സമയമെടുക്കും. തലച്ചോറിലെ പരിക്ക് പെട്ടെന്ന് മോശമാകാനും സാധ്യതയുണ്ട്.
സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നും കുടുംബത്തിന്റെ ആരോപണം ശരിയല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നുമാണ് അമ്മ പ്രിയദർശിനി ആരോപിച്ചത്.
"കുട്ടിക്ക് മികച്ച ചികിത്സ നൽകണം. ഇതാണോ ട്രെയിനിലെ സുരക്ഷ? മകൾക്ക് മികച്ച ചികിത്സ ലഭ്യമാക്കണം. ശ്രീക്കുട്ടിയുടെ ശരീരത്തിൽ ഇരുപതോളം മുറിവുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്, ഇപ്പോൾ ആവശ്യമായ ചികിത്സയൊന്നും ലഭിക്കുന്നില്ല." - അമ്മ പ്രിയദർശിനി പറഞ്ഞു.
കഴിഞ്ഞ രാത്രി കേരള എക്‌സ്പ്രസിൻ്റെ ജനറൽ കംപാർട്ട്മെൻ്റിലാണ് സംഭവം നടന്നത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ഉണ്ടായ വാക്തർക്കമാണ് അതിക്രമത്തിന് കാരണം.
റെയിൽവേ പോലീസിൻ്റെ കസ്റ്റഡിയിലുള്ള പ്രതി, പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ (50), കുറ്റം സമ്മതിച്ചു. പെൺകുട്ടി വാതിൽക്കൽ നിന്ന് മാറാത്തതിൻ്റെ ദേഷ്യത്തിലാണ് പിന്നിൽ നിന്ന് ചവിട്ടി താഴെയിട്ടതെന്നാണ് എഫ്.ഐ.ആർ.
ട്രെയിൻ യാത്രയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കേരള എക്‌സ്പ്രസിൻ്റെ യാത്രയിൽ ഒരു പോലീസുകാരൻ പോലും ഉണ്ടായിരുന്നില്ലെന്നും, ക്രൈം ഡാറ്റാ അനുസരിച്ചാണ് സുരക്ഷാ വിന്യാസമെന്നുമാണ് പോലീസ് വിശദീകരണം.