തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിലെ പ്രതി സുരേഷ് കുമാർ മദ്യലഹരിയിലായിരുന്നു എന്നതിന് ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നു. ട്രെയിനിൽ കയറുന്നതിന് മുമ്പ് പ്രതിയും ബന്ധുവും ചേർന്ന് മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ ബാറിൽ നിന്ന് പോലീസിന് ലഭിച്ചു.(Varkala train attack, Digital evidence shows that the accused was under the influence of alcohol)
സംഭവത്തിൽ നിർണായകമായ മറ്റൊരു സാക്ഷിയെ തിരയുകയാണ് നിലവിൽ പോലീസ്. ട്രെയിനിൽ നിന്ന് തള്ളിയിട്ട രണ്ടാമത്തെ പെൺകുട്ടിയെ സഹായിക്കുകയും പ്രതിയെ കീഴ്‌പ്പെടുത്തുകയും ചെയ്ത ചുവപ്പ് ഷർട്ട് ധരിച്ച വ്യക്തിയെയാണ് പോലീസ് അന്വേഷിക്കുന്നത്.
ഞായറാഴ്ച രാത്രി കേരള എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാർ പുറത്തേക്ക് ചവിട്ടി തള്ളിയിടുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ശ്രീകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ട്രെയിനിൽ നിന്ന് വീണ ശ്രീക്കുട്ടിയെ രക്ഷിച്ച രണ്ടുപേരുടെ മൊഴി കൂടി രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.
പ്രതി മദ്യപിച്ചതിന് തെളിവായി ലഭിച്ച ബാറിലെ സിസിടിവി ദൃശ്യങ്ങൾക്ക് പുറമെ, സംഭവത്തിന്റെ മറ്റ് ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കോട്ടയം റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ മാറിയുള്ള ബാറിൽ നിന്നാണ് സുരേഷ് കുമാർ മദ്യപിച്ചത് എന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്.