തിരുവനന്തപുരം: വർക്കലയിൽ കേരള എക്സ്പ്രസ് ട്രെയിനിൽ നിന്ന് സഹയാത്രികന്റെ ചവിട്ടേറ്റ് പുറത്തേക്ക് വീണ 19-കാരി ശ്രീക്കുട്ടിയുടെ (സോന) ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ നിലയിൽ മാറ്റമില്ല.(Varkala train assault, Remand report says accused kicked woman because she reacted to her smoking)
തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ സങ്കീർണ്ണമാണ്. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി.ന്യൂറോളജി, ന്യൂറോ സർജറി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലെ പരിക്ക് ഗുരുതരമാണെന്നാണ് വിലയിരുത്തൽ. തലയിലെ മർദ്ദം കുറയ്ക്കാനുള്ള ചികിത്സയും മരുന്നുകളുമാണ് നിലവിൽ നൽകുന്നത്. ഈ സ്ഥിതി മെച്ചപ്പെട്ടതിന് ശേഷം മാത്രമേ തുടർചികിത്സകളിൽ തീരുമാനമെടുക്കുകയുള്ളൂ.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കേരള എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്‌മെന്റിൽ വെച്ച് പനച്ചിമൂട് സ്വദേശിയായ മദ്യലഹരിയിലായിരുന്ന സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടി ട്രെയിനിൽ നിന്ന് താഴെയിട്ടത്. പ്രതി സുരേഷ് കുമാർ നിലവിൽ റിമാൻഡിലാണ്.
സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. രണ്ട് പെൺകുട്ടികൾ ട്രെയിനിൻ്റെ വാതിൽ ഭാഗത്ത് ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രതിയായ സുരേഷ് കുമാർ ശ്രീക്കുട്ടിയെ ശക്തിയായി ചവിട്ടി തള്ളിയിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. രണ്ടാമത്തെ പെൺകുട്ടിയെയും പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പിൽ ആക്രമണത്തിന്റെ കാരണം വ്യക്തമാക്കുന്നു. പ്രതി ട്രെയിനിനുള്ളിലെ ശുചിമുറിക്ക് സമീപം നിന്ന് പുകവലിച്ചതാണ് പ്രകോപനത്തിന് കാരണം. മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പെൺകുട്ടികൾ പറഞ്ഞതോടെ പ്രതി പ്രകോപിതനായി.
കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് സുരേഷ് കുമാർ വാതിൽപ്പടിയിലിരുന്ന ശ്രീക്കുട്ടിയെ ശക്തിയായി ചവിട്ടിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതി ട്രെയിനിൽ കയറിയത് രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷമാണ്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനിൽ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. പ്രതിക്കെതിരെ വധശ്രമം അടക്കം 6 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൂടുതൽ തെളിവുകൾക്കായി കൊച്ചുവേളി യാർഡിൽ വെച്ച് ഫോറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോലീസ് ആക്രമിക്കപ്പെട്ട ബോഗിയിൽ പരിശോധന നടത്തി.