

തിരുവനന്തപുരം: വർക്കല ചെറുന്നിയൂരിൽ കുന്നിടിക്കുന്നതിനിടെ മണ്ണ് അടർന്നുവീണ് ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം (Varkala Hill Collapse Accident). കൊല്ലം നെടുമൺകാവ് സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ചെറുന്നിയൂർ വെള്ളിയാഴ്ച കാവ് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം നടന്നത്. കുന്നിന്റെ മുകൾഭാഗം ഇടിഞ്ഞു വീണതിനെത്തുടർന്ന് ജെസിബി ഭാഗികമായി തകരുകയും അനീഷ് മണ്ണിനടിയിൽപ്പെടുകയുമായിരുന്നു.
അപകടം നടന്നയുടൻ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് വർക്കലയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്താണ് അനീഷിനെ പുറത്തെടുത്തത്. ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനധികൃതമായി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഈ പ്രദേശത്തെ കുന്നിടിക്കൽ സമീപത്തെ വീടുകൾക്ക് പോലും വലിയ ഭീഷണിയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. അധികൃതരുടെ അനുമതിയില്ലാതെയാണ് ഇവിടെ മണ്ണെടുപ്പ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
A 38-year-old JCB driver, Aneesh, died after a heap of soil caved in while excavating a hill at Varkala, Thiruvananthapuram. The incident occurred near the Velliazhchakavu temple in Cherunniyoor around noon on Wednesday. Although locals and fire force units rushed him to the hospital, he succumbed to his injuries. Local residents alleged that illegal soil extraction led to the accident, posing a threat to nearby houses.