വൈഷ്ണവിയെ കൊന്നത് മുഖത്ത് ബെഡ്ഷീറ്റ് അമര്‍ത്തി ശ്വാസം മുട്ടിച്ച്; സ്വാഭാവിക മരണമായി ചിത്രീകരിക്കാനും ദീക്ഷിത്തിന്റെ ശ്രമം; നിർണായകമായത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
പാലക്കാട്: ശ്രീകൃഷ്ണപുരം കാട്ടുകുളത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവായ ദീക്ഷിതിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലക്കുറ്റം കൂടാതെ പട്ടികജാതി-വർഗ അതിക്രമം തടയൽ വകുപ്പുകളും ചുമത്തി കേസെടുത്തു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശിനിയായ വൈഷ്ണവി (26) ആണ് മരിച്ചത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല.
കൊലപാതകവും നാടകീയ നീക്കങ്ങളും
വെള്ളിയാഴ്ച പുലർച്ചെയാണ് കാട്ടുകുളത്തെ ഭർതൃവീട്ടിൽ വെച്ച് വൈഷ്ണവിയെ അവശനിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം സംഭവം സ്വാഭാവിക മരണമായി ചിത്രീകരിക്കാൻ പ്രതിയായ ദീക്ഷിത് ശ്രമിച്ചു. വൈഷ്ണവിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായെന്നും അവശനിലയിലാണെന്നും പറഞ്ഞ് ദീക്ഷിത് വൈഷ്ണവിയുടെ പിതാവിനെയാണ് ആദ്യം വിവരമറിയിച്ചത്.
വൈഷ്ണവിയുടെ മാതാപിതാക്കൾ സ്ഥലത്തെത്തി മാങ്ങോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭാര്യയുടെ മരണത്തിൽ ഹൃദയം തകർന്ന ഭർത്താവായി സ്വയം ചിത്രീകരിക്കാനും ഹൃദയാഘാതമായിരിക്കാം മരണകാരണമെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാനും ദീക്ഷിത്ത് ശ്രമിച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമായി
വൈഷ്ണവിയുടെ മരണം സ്വാഭാവികമാണെന്ന ദീക്ഷിതിൻ്റെ വാദത്തിൽ പോലീസിന് തുടക്കം മുതലേ സംശയങ്ങൾ ഉണ്ടായിരുന്നു. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.
ദീക്ഷിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ബെഡ്ഷീറ്റ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നും ഇയാൾ സമ്മതിച്ചു. മരണം സംഭവിച്ചെന്ന് ഉറപ്പുവരുത്തി ഒരു മണിക്കൂറിന് ശേഷമാണ് ബന്ധുക്കളെ വിവരമറിയിച്ചതെന്നും പോലീസ് വ്യക്തമാക്കി. ഇത് ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് പോലീസിൻ്റെ നിഗമനം. പോലീസ് ശനിയാഴ്ച പ്രതിയുമായി വീട്ടിൽ തെളിവെടുപ്പ് നടത്തുകയും ഫോറൻസിക് സംഘം പരിശോധന നടത്തുകയും ചെയ്തു.
2024 മേയ് 19-നായിരുന്നു വൈഷ്ണവിയുടെയും ദീക്ഷിതിൻ്റെയും വിവാഹം. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽവീട്ടിൽ ഉണ്ണികൃഷ്ണന്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി.