തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്താൻ കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പരിശോധിക്കുന്നത്.(Vadakkencherry vote rigging, Vigilance begins investigation)
വോട്ടുകോഴയുമായി ബന്ധപ്പെട്ട ശബ്ദരേഖയുടെ ആധികാരികതയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സൂചനകളും വിജിലൻസ് പരിശോധിക്കും. വിവാദങ്ങൾക്കും രാജി പ്രഖ്യാപനത്തിനും പിന്നാലെ ലീഗ് സ്വതന്ത്രനായിരുന്ന ഇ.യു. ജാഫർ ഒളിവിലാണ് എന്നാണ് സൂചന. രാജിവെച്ച ശേഷം മകൻ വീട്ടിൽ നിന്ന് പോയെന്നും എവിടേക്കാണെന്ന് അറിയില്ലെന്നുമാണ് ജാഫറിന്റെ ഉമ്മയുടെ പ്രതികരണം.
"ലൈഫ് സെറ്റിലാക്കാൻ 50 ലക്ഷം രൂപയോ അല്ലെങ്കിൽ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനമോ സിപിഎം വാഗ്ദാനം ചെയ്തു" എന്ന് ജാഫർ തന്നെ പറയുന്ന ശബ്ദരേഖയാണ് കേസിലെ പ്രധാന തെളിവ്. യുഡിഎഫിനും എൽഡിഎഫിനും 7 അംഗങ്ങൾ വീതം ഉണ്ടായിരുന്ന വടക്കാഞ്ചേരി ബ്ലോക്കിൽ ജാഫർ കൂറുമാറി വോട്ട് ചെയ്തതോടെയാണ് ഭരണം എൽഡിഎഫിന് ലഭിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൽഡിഎഫ് നേടിയതിന് പിന്നാലെ ജാഫർ അംഗത്വം രാജിവെച്ചിരുന്നു. ഈ അട്ടിമറിക്ക് പിന്നിൽ വൻ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.