

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാറിനെ ഇടത് സ്ഥാനാർത്ഥിയാക്കാൻ സിപിഐഎമ്മിൽ അണിയറ നീക്കങ്ങൾ സജീവമാകുന്നു. വി.എസിനോട് ജനങ്ങൾക്കുള്ള വൈകാരികമായ ആത്മബന്ധം വോട്ടാക്കി മാറ്റുകയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.
വി.എസിന്റെ ജന്മനാടായ ആലപ്പുഴയിലെ കായംകുളം മണ്ഡലമാണ് അരുൺ കുമാറിനായി പാർട്ടി പ്രധാനമായും പരിഗണിക്കുന്നത്. കൂടാതെ വി.എസ് ദീർഘകാലം പ്രതിനിധീകരിച്ച പാലക്കാട്ടെ മലമ്പുഴയും ചർച്ചകളിലുണ്ട്. നിലവിലെ എംഎൽഎ യു. പ്രതിഭ രണ്ട് തവണ മത്സരിച്ചതിനാൽ, പ്രത്യേക ഇളവ് നൽകിയില്ലെങ്കിൽ അവിടെ അരുൺ കുമാറിന് സാധ്യതയേറും.
സ്ഥാനാർത്ഥി ചർച്ചകളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും വി.എ. അരുൺ കുമാർ പ്രതികരിച്ചു. നിലവിൽ ഐ.എച്ച്.ആർ.ഡി അസിസ്റ്റന്റ് ഡയറക്ടറായ അരുൺ കുമാർ മത്സരിക്കുകയാണെങ്കിൽ പദവി രാജിവയ്ക്കേണ്ടി വരും. അദ്ദേഹം പാർട്ടി അംഗമല്ലെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നതിൽ തടസ്സമില്ലെന്ന് നേതൃത്വം വിലയിരുത്തുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറികടക്കാൻ വി.എസിനെപ്പോലൊരു ജനകീയ നേതാവിന്റെ പാരമ്പര്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊണ്ടുവരുന്നത് ഗുണകരമാകുമെന്നാണ് സിപിഐഎമ്മിന്റെ കണക്കുകൂട്ടൽ.