തിരുവനന്തപുരം: വർക്കലയ്ക്കടുത്ത് ട്രെയിനിൽ വെച്ച് ആക്രമിക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിക്ക് റെയിൽവേയിൽ ജോലിയും മതിയായ നഷ്ടപരിഹാരവും നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. ശ്രീക്കുട്ടിയുടെ സുരക്ഷാ വിഷയത്തിൽ മുൻ എം.പി. ശശി തരൂർ സ്വീകരിച്ച നടപടി അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(V Sivankutty writes to Union Railway Minister on Varkala train attack)
നിർധന കുടുംബാംഗമായ ശ്രീക്കുട്ടിയുടെ ദീർഘകാല പരിചരണവും പുനരധിവാസവും ഉറപ്പാക്കാൻ വേണ്ട പിന്തുണ നൽകണമെന്ന് മന്ത്രി ശിവൻകുട്ടി കത്തിൽ അഭ്യർത്ഥിച്ചു. ശ്രീക്കുട്ടിയുടെ ദീർഘകാല പരിചരണത്തിനും പുനരധിവാസത്തിനുമായി സാമ്പത്തിക നഷ്ടപരിഹാരം ഉടൻ ഉറപ്പാക്കുക എന്നതാണ് പ്രധാന ആവശ്യം.
ദുരന്തത്തിന് ശേഷം കുടുംബത്തിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ, യോഗ്യതയ്ക്ക് അനുസരിച്ച് റെയിൽവേയിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലി നൽകുക, വനിതാ യാത്രക്കാരുടെ സുരക്ഷാ പ്രോട്ടോക്കോൾ ശക്തിപ്പെടുത്താനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ പട്രോളിംഗ് വർദ്ധിപ്പിക്കാനും അടിയന്തര നടപടി സ്വീകരിക്കുക. റെയിൽവേയുടെ സുരക്ഷാ പരിധിക്കുള്ളിൽ നടന്ന ഈ അതിക്രമം ശ്രീക്കുട്ടിയേയും കുടുംബത്തേയും കടുത്ത പ്രതിസന്ധിയിലാക്കി. ഒരു യാത്രക്കാരിക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം ഞെട്ടിക്കുന്നതാണെന്നും കത്തിൽ പറയുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികിത്സാച്ചെലവ് കേരള സർക്കാരാണ് വഹിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ റെയിൽവേയുടെ പരമമായ ഉത്തരവാദിത്തമാണ്. ശ്രീക്കുട്ടിയെപ്പോലുള്ള ഇരകൾക്ക് ഉടനടി പിന്തുണ നൽകേണ്ടത് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ധാർമ്മികവും സ്ഥാപനപരവുമായ കടമയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ കോൺഗ്രസ് നേതാവും എം.പിയുമായിരുന്ന ശശി തരൂർ എന്ത് ചെയ്തു എന്നറിയാൻ താൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് വേഗത്തിലുള്ളതും അനുകൂലവുമായ നടപടി പ്രതീക്ഷിക്കുന്നതായും മന്ത്രി കത്തിൽ അഭ്യർത്ഥിച്ചു.