തിരുവനന്തപുരം : അഞ്ചാം ക്ലാസുകാരനായ വിദ്യാർത്ഥിയെ സ്‌കൂളിൽ എത്താൻ വൈകിയെന്ന് ആരോപിച്ച് ഇരുട്ടുമുറിയിൽ ഇരുത്തുകയും വെയിലത്ത് ഗ്രൗണ്ടിലൂടെ ഓടിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്കെതിരെയുള്ള ഒരു വിവേചനവും സംസ്ഥാനത്തെ ഒരു സ്‌കൂളിലും അനുവദിക്കില്ല എന്നാണ് മന്ത്രി പറഞ്ഞത്. (V Sivankutty on student torture in Ernakulam school )
എറണാകുളത്തെ സ്‌കൂളിൽ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ അടച്ചുപൂട്ടിയെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒരു കുട്ടിയോടും ഇങ്ങനെ പെരുമാറാൻ ഒരു അധ്യാപകനും അവകാശമില്ല എന്നും, ഇനി വൈകരുത് എന്ന് ഉപദേശിക്കാമെങ്കിലും ഇരുട്ടുമുറിയിൽ അടച്ചിടുന്നത് അംഗീകരിക്കാൻ സാധിക്കില്ല എന്നും അദ്ദേഹം അറിയിച്ചു.
സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്കൂളല്ല ഇതെന്ന് പറഞ്ഞ അദ്ദേഹം, അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു.