തിരുവനന്തപുരം : കൊല്ലം തേവലക്കര ബോയ്സ് സ്‌കൂളിലെ വിദ്യാർത്ഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ചെയ്യാനുള്ളതിൻ്റെ പരമാവധി ചെയ്യുമെന്നും, കേരളത്തിൻ്റെ മകനെയാണ് നഷ്ടപ്പെട്ടതെന്നും പറഞ്ഞ അദ്ദേഹം, എന്ത് ചെയ്താലും ശമ്പളം ലഭിക്കുമെന്ന മനോഭാവം അംഗീകരിക്കാം സാധിക്കില്ലെന്നും തുറന്നടിച്ചു. (V Sivankutty on Kollam student's death)
വാർത്താസമ്മേളനത്തിൽ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. സ്‌കൂൾ മാനേജ്‌മെൻറിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും, പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യുമെന്നും പറഞ്ഞ അദ്ദേഹം, മാനേജ്‌മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ നടപടിയെടുക്കുമെന്നും കൂട്ടിച്ചേർത്തു.
മിഥുൻ്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 3 ലക്ഷം രൂപ കൈമാറും. സഹോദരന് പന്ത്രണ്ടാം ക്ലാസ് വരെ സൗജന്യ പഠനം ഉറപ്പാക്കും. സ്കൗട്ട് ആന്റ് ഗൈഡ്സ് സഹായത്തോടെ വീട് വച്ച് നൽകുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടിയുടെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം മാനേജ്‌മെന്റ് പരിഗണിക്കണമെന്നും മന്ത്രി നിർദേശിച്ചു.