തിരുവനന്തപുരം : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ മൗനം പുലർത്തുന്നുവെന്നും ഇത് ദുഃഖകരമാണെന്നും പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. (V Sivankutty on Kerala Nuns arrest on Chhattisgarh)
അദ്ദേഹം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത് കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് ബാവയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ്. പട്ടം ബിഷപ്പ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് സമയത്ത് മാതാവിന് സ്വർണ്ണക്കിരീടം സമ്മാനിക്കാൻ പോയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൗനത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ജോർജ് കുര്യനും വിഷയത്തിൽ ഒളിച്ചു കളിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ കന്യാസ്ത്രീകളെയാണ് ലക്ഷ്യമിടുന്നതെങ്കിൽ അടുത്ത ലക്ഷ്യം പുരോഹിതന്മാർ ആയിരിക്കും എന്നാണ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്.