
കോഴിക്കോട്: "ചോദ്യക്കടലാസല്ലേ ചോർന്നുള്ളൂ ഉത്തരക്കടലാസ് ചോർന്നില്ലല്ലോ" എന്നു ചോദിക്കുന്ന വി.ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയവരെ മുക്കാലിൽ കെട്ടി അടിക്കണമെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല(V Sivan Kutty). ചോദ്യക്കടലാസ് ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫിസിനു മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷാ സമ്പ്രദായം ശക്തമാണെങ്കിലേ വിദ്യാഭ്യാസത്തിന് അർഥമുണ്ടാകൂ എന്നും കേരളത്തിൽ പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടുവെന്നും മറ്റൊരു കാലത്തും ഉണ്ടാകാത്ത നിലയിൽ ചോദ്യക്കടലാസ് ചോർന്നത് സംസ്ഥാനത്തു വലിയ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടി ചേർത്തു. പരീക്ഷ സത്യസന്ധമായും സുതാര്യമായും നടത്തേണ്ട ഉത്തരവാദിത്തം സർക്കാരിനാണ്. ചോദ്യക്കടലാസ് ചോർച്ചയ്ക്കു പിന്നിൽ നിഗൂഢ സംഘം നിക്ഷിപ്ത താൽപര്യത്തോടെ പ്രവർത്തിക്കുന്നു. ചോദ്യക്കടലാസ് കുട്ടികൾക്കു കിട്ടുന്നതിന് മുൻപ് മറ്റുള്ളവർക്കു കിട്ടുന്നു. ചോദ്യ കടലാസ് ചോർച്ചയിൽ നടപടി ഉണ്ടായില്ലെങ്കിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ചോദ്യങ്ങളും ഇതിനു പിന്നിലുള്ളവർ ചോർത്തും. അതിനാൽ എത്ര ശക്തരായാലും ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം. ഈ സർക്കാരിൽ നിന്ന് അതു പ്രതീക്ഷിക്കുന്നില്ലെന്നും പിഎസ്‌സി പരീക്ഷ എഴുതാത്തവന് ഒന്നാം റാങ്ക് നൽകിയ സർക്കാരാണിതെന്നും ചെന്നിത്തല ആരോപിച്ചു.