
തിരുവനന്തപുരം: രാഹുൽ ഗാന്ധിയും കൂട്ടരും നടത്തുന്നത് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിൻ്റെ പേരില്‍ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കാനുള്ള നീക്കമാണ് എന്ന് പറഞ്ഞ് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍.
ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന അദ്ദേഹം സംരക്ഷിക്കുന്നത് ആരുടെ താല്‍പര്യമാണെന്നാണ് മുരളീധരൻ ചോദിച്ചത്. അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിൻ്റെ ശൈലി വിപണികളെ തളര്‍ത്തി അതുവഴി നേട്ടമുണ്ടാക്കുകയാണ് എന്ന് പറഞ്ഞ അദ്ദേഹം, അവർക്ക് കഴിഞ്ഞ വിവാദത്തിലൂടെയും കോടികളുടെ ലാഭമുണ്ടാക്കാൻ സാധിച്ചതായി പറയുകയുണ്ടായി.
അദാനി ഓഹരികളില്‍ നിക്ഷേപിച്ച ലക്ഷക്കണക്കിന് പേര്‍ക്കാണ് പ്രതിപക്ഷ നേതാവിൻ്റെ വീഡിയോ സന്ദേശം മൂലം നഷ്ടമുണ്ടായിരിക്കുന്നതെന്ന് പറഞ്ഞ മുരളീധരൻ, രാഹുൽ രാജ്യത്തെ വികസിത രാജ്യങ്ങളുടെ പട്ടികയിലേയ്‌ക്കെത്തിക്കാനുള്ള നരേന്ദ്രമോദിയുടെ ശ്രമത്തെ ഇല്ലാതാക്കുകയാണ് എന്നും വിമർശിച്ചു.