കണ്ണൂർ: പയ്യന്നൂർ ഫണ്ട് വെട്ടിപ്പ് ആരോപണത്തിൽ സി.പി.എം പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ആരോപണങ്ങൾ കേട്ടപ്പോൾ ചിരിയാണ് വന്നതെന്നും വസ്തുതകൾ മറച്ചുവെച്ച് വ്യക്തിവിരോധം തീർക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റിന് അഭിമുഖം നൽകിയത് ആസൂത്രിതമല്ല. കൈരളി ടിവി തന്റെ സത്യങ്ങൾ സംപ്രേക്ഷണം ചെയ്യില്ലെന്ന് ഉറപ്പുള്ളതിനാലാണ് മറ്റ് ചാനലുകളെ ആശ്രയിച്ചത്. ഫണ്ട് തട്ടിപ്പ് വാർത്ത നൽകിയ ചാനലിനെതിരെ ടി.ഐ. മധുസൂദനൻ എം.എൽ.എ കേസ് കൊടുത്തു എന്നത് കള്ളമാണ്. ഇതുവരെ ചാനലിനെതിരെ ഒരു പരാതിയും നൽകിയിട്ടില്ലെന്ന് അഭിമുഖത്തിലൂടെ വ്യക്തമായി.
ധനരാജ് രക്തസാക്ഷി ഫണ്ട്, കെട്ടിട നിർമ്മാണ ഫണ്ട് എന്നിവയിൽ നിന്നായി 54 ലക്ഷം രൂപ പാർട്ടിയ്ക്ക് നഷ്ടപ്പെട്ടു. വൗച്ചറുകൾ നഷ്ടപ്പെട്ടു എന്നാണ് ഓഡിറ്റിംഗിൽ രേഖപ്പെടുത്തിയത്. എന്നാൽ ഓഫീസ് സെക്രട്ടറിയുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടെന്ന് പറഞ്ഞ രസീതുകൾ പിന്നീട് മധുസൂദനൻ ഹാജരാക്കിയത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
"ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോൾ അർദ്ധരാത്രിയാണെന്ന് എം.വി ജയരാജൻ പറഞ്ഞാൽ അത് അംഗീകരിക്കാൻ എല്ലാവരെയും കിട്ടില്ല" എന്നായിരുന്നു നേതൃത്വത്തിന്റെ ഏകാധിപത്യപരമായ ശൈലിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മറുപടി. പയ്യന്നൂരിലെ പാർട്ടിയിൽ ഒരു ചർച്ചയും നടത്താതെയാണ് തന്നെ പുറത്താക്കിയതെന്നും ഭൂരിഭാഗം ഏരിയ കമ്മിറ്റി അംഗങ്ങളും തന്നെ മാറ്റുന്നതിനെ എതിർത്തവരാണെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.