വി-ഗാർഡ് നാരിശക്തി : സഹായ വിതരണവും രണ്ടാം ഘട്ട ഉദ്ഘാടനവും നടത്തി

വി-ഗാർഡ് നാരിശക്തി : സഹായ വിതരണവും രണ്ടാം ഘട്ട ഉദ്ഘാടനവും നടത്തി
Updated on

വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമാക്കി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നടപ്പാക്കിയ ‘നാരിശക്തി’ പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കി. വിധവകളും സിംഗിൾ മദേഴ്സുമായ 100 വനിതകളെ സ്വയംതൊഴിലിലേക്ക് കൈപിടിച്ചുയർത്തുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി , സഹൃദയ വെൽഫെയർ സർവീസസുമായി ചേർന്ന് നടത്തിയ ഈ 150 മണിക്കൂർ നീളുന്ന പരിശീലന പരിപാടിയിലൂടെ തയ്യൽ, ബ്യൂട്ടീഷ്യൻ മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകിയത്. ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായ വനിതകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്വയംതൊഴിൽ ആരംഭിക്കുന്നതിന് പ്രോത്സാഹനമായി സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 44 വനിതകൾക്ക് തയ്യൽ മെഷീനുകളും ബ്യൂട്ടീഷ്യൻ കിറ്റുകളും ഉൾപ്പെടെയുള്ള അവശ്യ ഉപകരണങ്ങൾ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് വി-ഗാർഡ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.റീനാ മിഥുൻ ചിറ്റിലപ്പിള്ളി കൈമാറി.

‘നാരിശക്തി’ പദ്ധതിയുടെ രണ്ടാം ഘട്ടം മേയർ അഡ്വ. വി.കെ. മിനിമോൾ പൊന്നുരുന്നി സഹൃദയയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. "സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്തേണ്ടതും അവർക്ക് ആവശ്യമായ പ്രോത്സാഹനം നൽകേണ്ടതും നമ്മുടെ കടമയാണ്. നാരിശക്തി പരിപാടിയിൽ പങ്കെടുത്തവർ സ്വന്തം കഴിവുകൾ തെളിയിച്ച് കൂടുതൽ ആളുകൾക്ക് താങ്ങായി മാറുമെന്ന് ഞാൻ പ്രത്യാശിക്കുന്നു," അഡ്വ. വി.കെ. മിനിമോൾ പറഞ്ഞു.

“ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. പദ്ധതിയുടെ ഭാഗമായ സ്ത്രീകളുടെ ജീവിതത്തിൽ വ്യക്തമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചു. അവരുടെ ആത്മവിശ്വാസവും സാമ്പത്തിക സ്വയംപര്യാപ്തതയും വർധിച്ചതാണ് രണ്ടാം ഘട്ടം ആരംഭിക്കാൻ പ്രേരിപ്പിച്ചത്,” ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു. രണ്ടാം ഘട്ടത്തിൽ 20 വിധവകൾക്കും സിംഗിൾ മദേഴ്സിനുമായി സൗജന്യ ബേക്കിംഗ് പരിശീലനമാണ് നിലവിൽ ആരംഭിക്കുന്നത്.

വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ശ്രീകുമാർ എ, വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചീഫ് ഓഫീസർ സി.എസ്.ആർ ശ്രീ സനീഷ് കെ, സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, അസി. എക്സ്‌ക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സിബിന്‍ തോമസ്, ഡബ്ല്യു.എസ്.ഇ അസോസിയേറ്റ് ഡയറക്ടർ റവ. ഡോ. ആന്റണി ചേരന്തുരുത്തി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com