
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും, യങ് ഇന്ത്യന്‍സും (Yi), തിരുവാര്‍പ്പ് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന വേമ്പനാട് കായല്‍- മീനച്ചില്‍ നദീമുഖ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി. വി-ഗാര്‍ഡ് ഇന്‍സ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാമൂഹ്യ പ്രതിബദ്ധയുടെ ഭാഗമായാണ് വി-ഗാര്‍ഡ് വേമ്പനാട് കായലിലേക്കുള്ള ജലപാതയെ ശുചീകരിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നത്.
20 മുതല്‍ 30 ദിവസത്തോളം നീളുന്ന ഈ ശുചീകരണ പരിപാടിയിലൂടെ, നദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കുളവാഴ അടക്കമുള്ള അധിനിവേശ ജലസസ്യങ്ങള്‍, പുതുതായി രൂപംകൊണ്ട ചെളിത്തിട്ടകള്‍ എന്നിവ നീക്കം ചെയ്യും. നൂതന ഉപകരണങ്ങളുടെയും പരിശീലനം ലഭിച്ച തൊഴിലാളികളുടെയും സഹായത്തോടെയാവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍. നദീമുഖ ശുചീകരണത്തിന് പുറമേ സമീപത്തുള്ള പ്രദേശവാസികള്‍ക്ക് മെഡിക്കൽ ക്യാംപുകളും, മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
‘സുസ്ഥിരതയിലൂന്നിക്കൊണ്ടാണ് എന്നും വി-ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍. സാമൂഹിക, പാരിസ്ഥിതിക പ്രതിബദ്ധത എക്കാലത്തും വിഗാര്‍ഡ് ഉയര്‍ത്തിപ്പിടിക്കുന്നു. ഇത് കമ്പനിയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് കരുത്തുപകരുന്നുവെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു’- വി-ഗാര്‍ഡ് ഇന്‍സ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഭാവി തലമുറയ്ക്കായി സുരക്ഷിതവും ആരോഗ്യകരവുമായ ഒരു നാളെയെ ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നമ്മുടെ ഉള്‍നാടന്‍ ജലാശയങ്ങള്‍ക്കും വേമ്പനാട് കായലിനും ഇടയിലുള്ള ഒരു സുപ്രധാന കവാടമാണ് വെട്ടിക്കാട് നദീമുഖം. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, തിരുവാര്‍പ്പ് പഞ്ചായത്ത് എന്നിവരുമായി സഹകരിച്ച്, നമ്മുടെ ജലപാതകളുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണ് യങ് ഇന്ത്യന്‍സ് കൊച്ചി നടത്തുന്നത്’. - യങ് ഇന്ത്യന്‍സ് കൊച്ചി കാലാവസ്ഥാ വ്യതിയാന വിഭാഗം അധ്യക്ഷന്‍ ബിബിന്‍ ജേക്കബ് പറഞ്ഞു.
വി-ഗാര്‍ഡ് ഇന്‍സ്ട്രീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ശ്രീകുമാർ എ, വി-ഗാര്‍ഡ് ഇന്‍സ്ട്രീസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി സെബാസ്റ്റ്യൻ, തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് അനീഷ് ഒ.എസ്, വൈസ് പ്രസിഡന്റ് ജയാ സജിമോൻ, വാര്‍ഡ് മെമ്പർ അജയന്‍ കെ. മേനോന്‍, യൂങ് ഇന്ത്യന്‍സ് കൊച്ചി ചാപ്റ്റർ ചെയർ മീന പളനിയപ്പൻ, കോ-ചെയർ ആശിക ജെയിൻ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.