
സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വി-ഗാര്‍ഡ് വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ നാരിശക്തിയ്ക്ക് കൊച്ചിയില്‍ തുടക്കമായി. അരൂര്‍ എംഎല്‍എ ദലീമ ജോജോ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷയായ ചടങ്ങില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പള്ളി മുഖ്യാതിഥിയായി. എറണാകുളം വനിത സംരക്ഷണ ഓഫീസര്‍ എസ്. ജീജ മുഖ്യ പ്രഭാഷണം നടത്തി.
സ്വന്തമായി വരുമാനം കണ്ടെത്തുവാന്‍ പ്രാപ്തരാകുന്നതിലൂടെ ഓരോ സ്ത്രീയും സ്വയം ശാക്തീകരിക്കപ്പെടുകയാണ്. അതിനായി അവര്‍ക്കൊപ്പം നില്‍ക്കുവാനും, സംരഭകരാകുവാനുള്ള പിന്തുണ നല്‍കുവാനും സാധിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ട്. - ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പള്ളി പറഞ്ഞു.
ഇത്തരം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനാകെ മാതൃകയാണെന്നും ഒരു കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുവാന്‍ വനിതകളെ സാമ്പത്തികമായി പ്രാപ്തരാക്കുന്ന നാരീശക്തി പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തുവാന്‍ വി-ഗാര്‍ഡിന് സാധിക്കട്ടെയെന്നും എംഎല്‍എ ദലീമ ജോജോ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി സാമൂഹ്യ പ്രതിബദ്ധത ഉറപ്പാക്കിക്കൊണ്ട് നിരവധി പദ്ധതികളാണ് വിഗാര്‍ഡ് നടപ്പിലാക്കുന്നതെന്ന് മിഥുന്‍ കെ ചിറ്റിലപ്പള്ളി വ്യക്തമാക്കി.
രാജ്യത്തെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തുടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമായാണ് ഈ സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയും നടപ്പിലാക്കുന്നത്. സമൂഹത്തിലെ തൊഴില്‍ രഹിതരായ സിംഗിള്‍ മദറോ, വിധവകളോ ആയ വനിതകള്‍ക്ക് പുതിയൊരു ജീവിതമാര്‍ഗ്ഗം തുറന്നു കൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
20നും 50നും മധ്യേ പ്രായമുള്ള സിംഗിള്‍ മദറോ, വിധവകളോ ആയ വനിതകള്‍ക്ക് തയ്യല്‍, ബ്യൂട്ടിഷ്യന്‍ കോഴ്സുകളിലേക്കുള്ള പരിശീലനമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എറണാകുളം സഹൃദയ വെല്‍ഫെയര്‍ സര്‍വീസസുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ പദ്ധതി മുഖേന ഇരു കോഴ്‌സുകളിലുമായി 50 പേര്‍ വീതം ആകെ നൂറു പേര്‍ക്ക് പരിശീലം നല്‍കും. 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്‌സില്‍ ബുക്ക് കീപ്പിംഗ്, ബാങ്ക് ലോണ്‍ ഇടപാടുകള്‍, മറ്റ് ഔദ്യോഗിക നടപടിക്രമങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സംരംഭകത്വ മൊഡ്യൂളുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന 50 പേര്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുവാനാവശ്യമായ മൂലധന പിന്തുണ നല്‍കുകയും ചെയ്യും.
ഉദ്ഘാടനച്ചടങ്ങില്‍ സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, അസി. എക്സ്‌ക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സിബിന്‍ തോമസ്, വി ഗാര്‍ഡ് കോര്‍പറേറ്റ് മാനുഫാക്ചറിംഗ് സര്‍വ്വീസസ് & ഡബ്യുസിഡി വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ എ, സിഎസ്ആര്‍ ചീഫ് ഓഫീസര്‍ സനീഷ് കെ തുടങ്ങിയവര്‍ പങ്കെടുത്തു.