അന്താരാഷ്ട്ര മാനസികാരോഗ്യദിനത്തില്‍ വനിതകള്‍ക്കായി 'ഇടം' ഒരുക്കി വി-ഗാര്‍ഡ്

അന്താരാഷ്ട്ര മാനസികാരോഗ്യദിനത്തില്‍ വനിതകള്‍ക്കായി 'ഇടം' ഒരുക്കി വി-ഗാര്‍ഡ്
Published on

വനിതകള്‍ക്കായി സൗജന്യ കൗണ്‍സിലിംഗ് സെന്റര്‍ സംവിധാനം സജ്ജമാക്കി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കമ്പനിയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള 'ഇടം' എന്ന ഈ പദ്ധതി വെല്‍ഫെയര്‍ സര്‍വ്വീസസ് എറണാകുളവുമായി (സഹൃദയ) ചേര്‍ന്നാണ് നടപ്പാക്കുന്നത്. സ്ത്രീകളുടെ മാനസീകാരോഗ്യം ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട് അന്താരാഷ്ട്ര മാനസികാരോഗ്യ ദിനത്തില്‍ കൊച്ചിയില്‍ 'ഇട'ത്തിന് തുടക്കമായി. ഹൈബി ഈഡന്‍ എംപി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. റീന മിഥുന്‍ ചിറ്റിലപ്പള്ളി ചടങ്ങില്‍ അദ്ധ്യക്ഷയായി.

മാനസീക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ സ്ത്രീകളെ വലിയ രീതിയില്‍ ബാധിക്കുന്നതായി ഈ മേഖലയിലെ നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍, സുരക്ഷിതവും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ കൗണ്‍സിലിംഗ് സംവിധാനം ഒരുക്കുകയാണ് 'ഇട'ത്തിലൂടെ വി-ഗാര്‍ഡ് ചെയ്യുന്നത്. വനിതകള്‍ക്ക് പ്രൊഫഷണല്‍ കൗണ്‍സിലിംഗ് സേവനവും വൈകാരിക പിന്തുണയും സൗജന്യമായി ഈ പദ്ധതിയിലൂടെ ലഭ്യമാകും.

സമൂഹത്തില്‍ വികസനത്തോടൊപ്പം തന്നെ ആ സമൂഹത്തിലെ ജനതയുടെ മാനസിക ആരോഗ്യവും സുപ്രധാനമാണ്. എന്നാല്‍ താനനുഭവിക്കുന്ന മാനസീകപ്രയാസങ്ങള്‍ മറ്റൊരാളോട് തുറന്നുപറയാന്‍ കൂടുതല്‍ പേരും തയ്യാറാകാറില്ല. ഇന്നും ഇത് നമ്മുടെ ചുറ്റും ഒരു സ്റ്റിഗ്മയായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആരംഭിച്ചിരിക്കുന്ന 'ഇടം' ഒരു നിര്‍ണ്ണായക ചുവടുവയ്പ്പു തന്നെയാണ് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേ ഹൈബി ഈഡന്‍ എം.പി. പറഞ്ഞു.

സ്ത്രീകളുടെ മാനസീകാരോഗ്യത്തിന്റെ പ്രാധാന്യം കൂടുതല്‍ ഉറക്കെ ചര്‍ച്ച ചെയ്യപ്പെടുന്നതിനാണ് 'ഇട'ത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. സമൂഹത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും അവര്‍ അര്‍ഹിക്കുന്ന പരിചരണവും പിന്തുണയും ലഭിക്കേണ്ടതുണ്ട്. വീട്ടിലും തൊഴിലിടങ്ങളിലും സമൂഹത്തിലുമുള്ള തങ്ങളുടെ വിവിധ റോളുകള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി മിക്ക സ്ത്രീകളും അദൃശ്യമായ ഭാരവും സമ്മര്‍ദ്ദവും പേറേണ്ടിവരുന്നു. വിശ്രമമില്ലാത്ത ഈ ഓട്ടത്തില്‍ നിന്നും ഒരു ഇടവേളയെടുക്കാന്‍, സ്വയം തിരിച്ചറിയുവാന്‍, സ്വയമേ സുഖപ്പെടുത്തുവാനുള്ള ഒരിടമാണ് വി-ഗാര്‍ഡ് ഈ പദ്ധതിയിലൂടെ ഒരുക്കിയിരിക്കുന്നത്. 'ഇടം' വെറുമൊരു കൗണ്‍സിലിംഗ് സെന്റര്‍ മാത്രമല്ല, മറിച്ച് മുന്നോട്ട് പോകുവാനുള്ള കരുത്തും പ്രതീക്ഷയും പകര്‍ന്നുകൊണ്ട് ഓരോ സ്ത്രീയെയും ശാക്തീകരിക്കുന്നതിനുള്ള ചുവടുവയ്പ്പാണ്- ഉദ്ഘാടനവേളയില്‍ ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പള്ളി പറഞ്ഞു.

സൗജന്യവും പൂര്‍ണമായും വിശ്വസനീയവുമായ കൗണ്‍സിലിംഗ് സേവനമാണ് 'ഇടം' ഒരുക്കിയിരിക്കുന്നത്. മികച്ച പ്രൊഫഷണലുകളാണ് കൗണ്‍സിലര്‍മാരായി പ്രവര്‍ത്തിക്കുക. പൊന്നുരുന്നി വെല്‍ഫെയര്‍ സര്‍വീസസിന്റെ (സഹൃദയ) ക്യാംപസിലാണ് 'ഇടം' കൗണ്‍സിലിംഗ് സെന്റര്‍. കൗണ്‍സിലിംഗ് സേവനങ്ങള്‍ക്കായി 9847610707 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് 'ഇട'ത്തിന്റെ പ്രവര്‍ത്തന സമയം.

സ്‌കൂളുകള്‍, കോളേജുകള്‍, കമ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളില്‍ മാനസീകാരോഗ്യ അവബോധ ശില്‍പ്പശാലകള്‍, മാനസീക പ്രശ്നങ്ങള്‍ നേരത്തെ തിരിച്ചറിയുവാനും, പ്രയാസമനുഭവിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍, കോളേജുകള്‍, കുടുംബശ്രീ തുടങ്ങിയവയുമായി സഹകരിച്ചുകൊണ്ട് 'ഇട'ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുവാനുള്ള പദ്ധതികള്‍, സ്ത്രീകളുടെ മാനസീകാരോഗ്യ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികള്‍ തുടങ്ങി മറ്റ് പദ്ധതികളും നടപ്പാക്കാന്‍ തയ്യാറെടുക്കുകയാണ് വി-ഗാര്‍ഡ്.

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ എ, സിഎസ്ആര്‍ ചീഫ് ഓഫീസര്‍ സനീഷ് കെ, സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, അസി. എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സിബിന്‍ തോമസ്, എറണാകുളം ഡിസ്ട്രിക്ട് സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ജോണ്‍ ജോഷി കെ.ജെ, തൃക്കാക്കര ഭാരത മാത കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ദൃശ്യ എ, തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങളില്‍ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com