

പറവൂർ: ഭാര്യാസഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തരാഖണ്ഡ് സ്വദേശി പ്രകാശ് സിങ്ങിനെ (36) ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. പറവൂർ അഡീഷണൽ സെഷൻസ് കോടതി (2) ജഡ്ജി വി. ജ്യോതിയാണ് വിധി പ്രസ്താവിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതി രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. 2019 മെയ് ഏഴിന് നടന്ന രവീന്ദ്ര സിങ് വധക്കേസിലാണ് കോടതിയുടെ ഈ നിർണ്ണായക വിധി.
കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാണിയേലിയിലെ ഒരു റസ്റ്റോറന്റിൽ ജീവനക്കാരായിരുന്നു കൊല്ലപ്പെട്ട രവീന്ദ്ര സിങ്ങും പ്രതിയായ പ്രകാശ് സിങ്ങും. റസ്റ്റോറന്റ് ഉടമയിൽ നിന്ന് പ്രകാശ് സിങ് അമിതമായി പണം കൈപ്പറ്റുന്നത് കണ്ട രവീന്ദ്ര സിങ് ഇത് ഉടമയോട് ചോദിക്കുകയും ഇത്തരത്തിൽ പണം നൽകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിലുള്ള കടുത്ത വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിറകുകഷ്ണം കൊണ്ട് അടിച്ചാണ് പ്രകാശ് രവീന്ദ്ര സിങ്ങിനെ കൊലപ്പെടുത്തിയത്.
കുറുപ്പംപടി എസ്.എച്ച്.ഒ ആയിരുന്ന കെ.ആർ. മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ബി. ഷാജി ഹാജരായി. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.