കൊച്ചിയിൽ US പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മോഷണം: 2 പ്രതികൾ പിടിയിൽ | US citizen

അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
US citizen held hostage in hotel room in Kochi and robbed
Updated on

കൊച്ചി: ഐ.ടി കമ്പനി തുടങ്ങാനുള്ള ചർച്ചകൾക്കായി കൊച്ചിയിലെത്തിയ യു.എസ്. പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മർദ്ദിക്കുകയും 3.10 ലക്ഷം രൂപയുടെ മുതലുകൾ കവരുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് സാഹസികമായി പിടികൂടിയത്.(US citizen held hostage in hotel room in Kochi and robbed)

ന്യൂയോർക്കിൽ ഐ.ടി. പ്രൊഫഷണലും ഒഡീഷ സ്വദേശിയുമായ പരാതിക്കാരൻ, ഇൻഫോപാർക്കിൽ പുതിയ ഐ.ടി. കമ്പനി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് വെള്ളിയാഴ്ച കൊച്ചിയിലെത്തിയത്. മറൈൻ ഡ്രൈവിലെ ഷൺമുഖം റോഡിലുള്ള ഒരു ഹോട്ടലിലെ 101-ാം നമ്പർ മുറിയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

ശനിയാഴ്ച വോട്ടെണ്ണലിനോടനുബന്ധിച്ച് ഡ്രൈ ഡേ ആയിരുന്നതിനാൽ യു.എസ്. പൗരന് മദ്യം ലഭിച്ചില്ല. ഈ സമയം മറൈൻ ഡ്രൈവ് പരിസരത്തുണ്ടായിരുന്ന ആദർശ് സഹായം വാഗ്ദാനം ചെയ്യുകയും അനധികൃതമായി മദ്യം വാങ്ങി നൽകുകയും ചെയ്തു.

തുടർന്ന് ആദർശ് യു.എസ്. പൗരനൊപ്പം ഹോട്ടൽ മുറിയിൽ മദ്യപിക്കാനായി പ്രവേശിച്ചു. രാത്രി ഇരുവരും മുറിയിൽത്തന്നെ ഉറങ്ങി. ഞായറാഴ്ച രാവിലെ കോഴിക്കോടേക്ക് പോകാനായി യു.എസ്. പൗരൻ ഉണർന്ന് ആദർശിനെയും വിളിച്ചുണർത്തി. എന്നാൽ, ഇതിന് മുൻപുതന്നെ ആദർശ് തന്റെ സുഹൃത്തായ ആകാശിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു എന്നാണ് സൂചന.

മുറിയിൽ വെച്ച് ഇരുവരും ചേർന്ന് യു.എസ്. പൗരനെ ബന്ദിയാക്കുകയും മർദ്ദിക്കുകയും ചെയ്തു. പണം, സ്വർണ്ണ മോതിരം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ ഇവയെല്ലാം ഉൾപ്പെടെ 3.10 ലക്ഷം രൂപയുടെ മുതലുകളാണ് സംഘം കവർന്നത്. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് സെൻട്രൽ പോലീസ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com