

ഇടുക്കി: ഉപ്പുതറ മത്തായിപ്പാറയിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മത്തായിപ്പാറ സ്വദേശി രജനി (38) ആണ് മരിച്ചത്. കുടുംബകലഹത്തെത്തുടർന്ന് ഭർത്താവ് രതീഷ് രജനിയെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂൾ വിട്ട് കുട്ടികൾ വീട്ടിലെത്തിയപ്പോഴാണ് രജനിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് രതീഷിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊലപാതകത്തിന് പിന്നാലെ രതീഷ് ഉപ്പുതറ പരപ്പിൽ നിന്ന് ബസിൽ കയറി പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രതീഷും രജനിയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.
ഉപ്പുതറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രതീഷ് ജില്ല വിട്ടു പോകാതിരിക്കാൻ അതിർത്തികളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.