
തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കേസുകൾ കൂടുകയാണെങ്കിൽ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. നിലവിൽ അഞ്ച് ലാബുകളിൽ പരിശോധാ സൗകര്യമൊരുക്കി. ആവശ്യമെങ്കിൽ കൂടുതൽ ലാബുകളിൽ പരിശോധനാ സൗകര്യങ്ങളൊരുക്കും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ടുകളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി.
മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എംപോക്സ് ലക്ഷണവുമായി എത്തുന്നുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.