'ഞാൻ വെറും ഇടനിലക്കാരൻ, സ്വർണമൊന്നും ലഭിച്ചില്ല, ബോർഡ് അംഗങ്ങൾക്ക് പങ്കുണ്ട്': ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി സുഹൃത്തിനെ ചോദ്യം ചെയ്യുന്നു | Unnikrishnan Potty

അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ പ്രത്യേക സംഘം ഹൈക്കോടതിക്ക് കൈമാറും.
'ഞാൻ വെറും ഇടനിലക്കാരൻ, സ്വർണമൊന്നും ലഭിച്ചില്ല, ബോർഡ് അംഗങ്ങൾക്ക് പങ്കുണ്ട്': ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി സുഹൃത്തിനെ ചോദ്യം ചെയ്യുന്നു | Unnikrishnan Potty
Published on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് പോറ്റിക്കൊപ്പം ഇരുത്തിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.(Unnikrishnan Potty's friend is getting interrogated)

ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണ് എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അനന്തസുബ്രഹ്മണ്യം ഈ പാളികൾ പിന്നീട് നാഗേഷിന് കൈമാറുകയായിരുന്നു.

താൻ ഒറ്റയ്ക്കല്ലെന്നും, ദേവസ്വം ബോർഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടത്തിയ കൊള്ളയാണ് ശബരിമലയിൽ നടന്നതെന്നുമാണ് ചോദ്യം ചെയ്യലിൽ പോറ്റി വെളിപ്പെടുത്തിയത്. ഇതിനായി ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയെന്നും താൻ വെറും ഇടനിലക്കാരൻ മാത്രമാണെന്നുമാണ് പോറ്റി നൽകിയ മൊഴി. സ്വർണം ഒന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് പോറ്റി ആവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ അടക്കം നടത്തിയ പരിശോധനകളുടെയും വെളിപ്പെടുത്തലുകളുടെയും വിവരങ്ങൾ അടങ്ങിയ അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ പ്രത്യേക സംഘം ഹൈക്കോടതിക്ക് കൈമാറും. ബോർഡ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെ കസ്റ്റഡിയിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാകും.

പഴയ ബോർഡ് അംഗങ്ങൾക്ക് പുറമെ നിലവിലുള്ള ബോർഡ് അംഗങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുമോ എന്ന് റിപ്പോർട്ടിലുണ്ടാകും. ദ്വാരപാലക ശിൽപ്പങ്ങൾ കഴിഞ്ഞ സെപ്റ്റംബറിൽ വീണ്ടും സ്വർണം പൂശാൻ ഇപ്പോഴത്തെ ബോർഡാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്.

ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയിൽ കൽപ്പേഷ്, നാഗേഷ് എന്നിവർ പ്രതികളാകും. നാഗേഷാണ് ഹൈദരാബാദിൽ ചെമ്പ് പാളികളിൽ അറ്റകുറ്റപ്പണി നടത്തിയത്. ഇയാളെ കസ്റ്റഡിയിലെടുക്കുന്നതോടെ നിലവിലുള്ള പാളികൾ ഡ്യൂപ്ലിക്കേറ്റാണോ എന്നതിൽ വ്യക്തതയുണ്ടാകും.

സ്വർണക്കൊള്ളയിൽ നിന്ന് ലഭിച്ച ലാഭ വിഹിതമാണ് ഉണ്ണികൃഷ്ണൻ പോറ്റി വട്ടിപ്പലിശയ്ക്ക് നൽകിയത്. ഇങ്ങനെ ആധാരം പണയപ്പെടുത്തി 2020-ന് ശേഷം പണം വാങ്ങിയവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ഇത് തൊണ്ടി മുതൽ വിൽപ്പന നടത്തി ലഭിച്ച പണമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ആധാരം ഈട് നൽകി പണം കടം വാങ്ങിയവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

Related Stories

No stories found.
Times Kerala
timeskerala.com