തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളിലേക്ക് വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) തീരുമാനിച്ചു. 2019 മുതൽ 2025 വരെയുള്ള കാലയളവിലെ ബോർഡ് അംഗങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുക.(Unnikrishnan potty used Thantri's family as a cover to fund his activities in Sabarimala gold theft case )
ഈ കാലയളവിലെ ബോർഡ് യോഗങ്ങളുടെ മിനുട്സ് രേഖകൾ എസ്.ഐ.ടി. ശേഖരിക്കുകയും വിശദമായി പരിശോധിക്കുകയും ചെയ്യും. രേഖാപരമായ തെളിവുകൾ ശക്തമായാൽ ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യലിലേക്ക് കടക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
സ്വർണക്കൊള്ളയിൽ ഉന്നത ഇടപെടൽ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് എസ്.ഐ.ടി. പ്രധാനമായും നീക്കം നടത്തുന്നത്. പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയെ മറയാക്കി തട്ടിപ്പുകൾ നടത്തിയതിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തന്ത്രി കുടുംബവുമായി പരിചയമുണ്ടാക്കിയാണ് പോറ്റി സ്വാധീനമുറപ്പിച്ചതെന്ന് എസ്.ഐ.ടി. അന്വേഷണത്തിൽ വ്യക്തമായി.
ഈ ബന്ധം ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിലെ ധനികരുമായി സൗഹൃദമുണ്ടാക്കുകയും ദേവസ്വം ബോർഡിലെ ഉന്നതരെ പരിചയപ്പെടുകയും ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ മുഖ്യപൂജാരിയാണെന്ന് ഇതര സംസ്ഥാനങ്ങളിലുള്ളവർ ധരിച്ചിരുന്നു. ഇത് മറയാക്കിയാണ് പോറ്റി തട്ടിപ്പുകൾ നടത്തിയത് എന്നതിന് എസ്.ഐ.ടിക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, തട്ടിപ്പുകളുടെ വിവരങ്ങൾ അടക്കമുള്ള കാര്യങ്ങൾ അന്വേഷണസംഘം റാന്നി കോടതിയിൽ അറിയിക്കും. കസ്റ്റഡി കാലാവധി വീണ്ടും നീട്ടി നൽകാനും സംഘം ആവശ്യപ്പെട്ടേക്കും. കട്ടിളപ്പാളികൾ കൈമാറിയ കേസിലെ രണ്ടാം പ്രതിയും ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കേസിൽ ആറാം പ്രതിയുമായ മുരാരി ബാബുവിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ചതിനെ തുടർന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യുകയാണ്.
ഇരുവരുടെയും ആസ്തി വിവരങ്ങളുടെ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലും വ്യക്തത തേടും.