ശബരിമല സ്വർണക്കൊള്ള: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തു; കട്ടിളപ്പാളിയിലെ സ്വർണ കവർച്ച കേസിൽ അറസ്റ്റ് ഉടൻ | Sabarimala

തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി
ശബരിമല സ്വർണക്കൊള്ള: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തു; കട്ടിളപ്പാളിയിലെ സ്വർണ കവർച്ച കേസിൽ അറസ്റ്റ് ഉടൻ | Sabarimala
Published on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൻ്റെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി പൂർത്തിയായതിനെ തുടർന്ന് റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റാൻ ഉത്തരവായത്.(Unnikrishnan Potty remanded in Sabarimala gold theft case)

ദ്വാരപാലക പാളികളിലെ സ്വർണക്കൊള്ളയ്ക്ക് പുറമെ കട്ടിളപ്പാളികളിലെ സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്യും. കട്ടിളപ്പാളി കേസിൽ പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ എസ്.ഐ.ടി. ഇന്ന് കോടതിയിൽ നൽകി.

കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ രണ്ട് കേസുകളിലും പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.

സ്വർണപ്പാളികളെ 'ചെമ്പ് പാളികൾ' എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയെ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. നേരത്തെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടാളികളും കവർച്ച ചെയ്ത സ്വർണത്തിന് തത്തുല്യമായ സ്വർണം പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

തെളിവെടുപ്പിൽ കണ്ടെടുത്ത ബാക്കി സ്വർണവും റാന്നി കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം 608 ഗ്രാം സ്വർണം ഹാജരാക്കിയിരുന്നു. കേസിൽ ദേവസ്വം ഉദ്യോഗസ്ഥരോട് എസ്.ഐ.ടി. നിലപാട് കടുപ്പിച്ചു.

അന്വേഷണത്തിന് ആവശ്യമായ രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്.ഐ.ടി. അന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇനിയും സാവകാശം നൽകാനാകില്ലെന്നും എസ്.ഐ.ടി. വ്യക്തമാക്കി.

1999-ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്ന് എസ്.ഐ.ടി. ആവശ്യപ്പെട്ടു. ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് അനിവാര്യമാണെന്നും ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നൽകാൻ ആകില്ലെന്നും എസ്.ഐ.ടി. മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
Times Kerala
timeskerala.com