'പത്മഭൂഷൺ SNDPക്കുള്ള അംഗീകാരം, ഐക്യനീക്കം അവരുടെ ആഭ്യന്തര കാര്യം': VD സതീശൻ | SNDP-NSS
തിരുവനന്തപുരം: എൻഎസ്എസും എസ്എൻഡിപി യോഗവും തമ്മിലുള്ള ഐക്യശ്രമങ്ങൾ പാളിയത് സംബന്ധിച്ച വിവാദങ്ങളിൽ ഇടപെടാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമുദായ സംഘടനകൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Unity movement is their internal matter, VD Satheesan on SNDP-NSS alliance)
സമുദായങ്ങൾ തമ്മിൽ യോജിക്കുന്നത് നല്ലതാണ്. എന്നാൽ അത് വേണ്ടെന്ന് വെക്കാനുള്ള അധികാരവും അവർക്കുണ്ട്. അത് അവരുടെ ആഭ്യന്തര കാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ലഭിച്ചതിനെ സതീശൻ അഭിനന്ദിച്ചു.
ഇത് എസ്എൻഡിപിക്കുള്ള അംഗീകാരമാണെന്നാണ് വെള്ളാപ്പള്ളി തന്നെ പറഞ്ഞത്. എസ്എൻഡിപിക്ക് അംഗീകാരം ലഭിക്കുമ്പോൾ ആരും അതിനെ എതിർക്കില്ല. ഇടുങ്ങിയ ചിന്താഗതികൾ ഉപേക്ഷിച്ച് വലിയ മനസ്സോടെ പുരസ്കാരങ്ങളെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ വിമർശിക്കാൻ സമുദായ സംഘടനകൾക്ക് അവകാശമുണ്ട്. താൻ വിമർശനത്തിന് അതീതനല്ല. എന്നാൽ വർഗീയത പറയുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡൽഹി ചർച്ചകളിൽ നിന്ന് ഒഴിവാക്കിയതിലുള്ള കെ. മുരളീധരന്റെ പരാതി പാർട്ടി പരിഹരിക്കുമെന്നും സതീശൻ ഉറപ്പുനൽകി.
