'കേരളത്തിൻ്റെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഇതൊരു വലിയ മുന്നേറ്റം': പ്രശംസിച്ച് കേന്ദ്രം, രാജിക്ക് വരെ തയ്യാറെന്ന് CPI മന്ത്രിമാർ | PM SHRI

ഏതറ്റം വരെയും പ്രതിഷേധിക്കാമെന്ന് സിപിഐ മന്ത്രിമാർ പറഞ്ഞത്
Union Ministry of Education congratulates Kerala government for deciding to participate in the PM SHRI scheme
Published on

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയാകാൻ തീരുമാനിച്ച കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. "സംസ്ഥാനത്തുടനീളം പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ച കേരള സർക്കാരിന് അഭിനന്ദനങ്ങൾ" എന്ന് കേന്ദ്ര വിഭ്യാസ മന്ത്രാലയം 'എക്സി'ലൂടെ അറിയിച്ചു.(Union Ministry of Education congratulates Kerala government for deciding to participate in the PM SHRI scheme)

ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻഇപി 2020) അനുസൃതമായി, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, അനുഭവങ്ങളിലൂടെയുള്ള പഠനം, നൈപുണ്യ വികസനത്തിന് ഊന്നൽ എന്നിവ നൽകി സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ, കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഇതൊരു വലിയ മുന്നേറ്റമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

"നൂതനാശയങ്ങളെ പരിപോഷിപ്പിക്കുകയും വിദ്യാർത്ഥികളെ ശോഭനമായ ഭാവിക്കായി ഒരുക്കുകയും ചെയ്യുന്ന ഗുണമേന്മയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും സമഗ്രവുമായ വിദ്യാഭ്യാസം നൽകാൻ നമ്മൾ ഒരുമിച്ച് പ്രതിജ്ഞാബദ്ധരാണ്," എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കൂട്ടിച്ചേർത്തു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാർ നിലപാടിനെതിരെ കടുത്ത നിലപാടിലേക്ക് കടന്ന് സിപിഐ. സർക്കാരിന്റെ തീരുമാനത്തിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കാമെന്ന് സിപിഐ മന്ത്രിമാർ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

സെക്രട്ടേറിയറ്റ് യോഗത്തിൽ രാജിക്ക് വരെ തയ്യാറാണെന്ന് മന്ത്രിമാർ നിലപാട് അറിയിച്ചു. "മന്ത്രിസഭയെ അപമാനിച്ചു. രണ്ട് തവണ ചർച്ച ചെയ്തിട്ട് മാറ്റി വെച്ചതാണ് പിഎം ശ്രീ പദ്ധതി. പാർട്ടിക്ക് തീരുമാനം എടുക്കാം, അതുമായി മുന്നോട്ട് പോകും," എന്ന് മന്ത്രിമാർ യോഗത്തിൽ പറഞ്ഞു.

കടുത്ത തീരുമാനവും നിലപാടും വേണമെന്നാണ് സെക്രട്ടേറിയറ്റിലെ പൊതുവികാരം. നേതൃത്വം എടുക്കുന്ന എന്ത് നിലപാടും അംഗീകരിക്കുമെന്നും മന്ത്രിമാർ അറിയിച്ചു. പ്രതിഷേധ സൂചകമായി മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനും സിപിഐ തീരുമാനിച്ചു. സെക്രട്ടേറിയറ്റ് തീരുമാനങ്ങൾക്ക് അംഗീകാരം നൽകാനായി ഒക്ടോബർ 27-ന് സംസ്ഥാന എക്സിക്യൂട്ടീവ് ചേരാനും തീരുമാനമായി.

അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഎം. സിപിഐയുമായി ചർച്ച നടത്തുമെന്നും നയത്തിൽ മാറ്റമില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് നിലപാട് കൂടുതൽ കടുപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com