തൃശൂർ: സഹായം അഭ്യർത്ഥിച്ചെത്തിയപ്പോൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി കവർ പോലും തുറന്നുനോക്കാതെ മടക്കിയ ചേർപ്പ് പുള്ളിലെ കൊച്ചു വേലായുധന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. സി.പി.എം നിർമ്മിച്ചുനൽകിയ പുതിയ വീടിന്റെ താക്കോൽദാനം ഇന്ന് ഉച്ചയ്ക്ക് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും.(Union Minister Suresh Gopi returned the petition without opening it, CPM has built a house for the man)
2023-ൽ തെങ്ങ് വീണ് വീട് തകർന്നതിനെത്തുടർന്നാണ് കൊച്ചു വേലായുധൻ സഹായം തേടി അലഞ്ഞത്. തൃശൂർ ജില്ലയിലെ പുള്ള് മേഖലയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നടന്ന 'കലുങ്ക് സൗഹൃദ വികസന സംവാദ' പരിപാടിയിൽ കൊച്ചു വേലായുധൻ അപേക്ഷയുമായെത്തി. എന്നാൽ, "ഇതൊന്നും എം.പിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തിൽ പറയൂ" എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അപേക്ഷാ കവർ പോലും തുറന്നുനോക്കാതെയുള്ള ഈ പെരുമാറ്റം വലിയ സോഷ്യൽ മീഡിയ ചർച്ചകൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
വിഷയം വിവാദമായതിന് പിന്നാലെ കൊച്ചു വേലായുധന് വീട് നിർമ്മിച്ചുനൽകുമെന്ന് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ പ്രഖ്യാപിച്ചു. സി.പി.എം ചേർപ്പ് ഏരിയയിലെ അംഗങ്ങൾ സമാഹരിച്ച 11.5 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മിച്ചത്. വെറും 75 ദിവസങ്ങൾ കൊണ്ടാണ് പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. തകർന്ന ഒറ്റമുറി വീട്ടിൽ നിന്നും സുരക്ഷിതമായ പുതിയ വീട്ടിലേക്ക് മാറാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് കൊച്ചു വേലായുധനും കുടുംബവും പ്രതികരിച്ചു.