'കേരളത്തിൽ എയിംസ് വരും..': അധിക്ഷേപ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി | AIIMS
എറണാകുളം : കേരളത്തിൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ ഉറച്ച നിലപാട് വ്യക്തമാക്കുന്നതിനിടെ അധിക്ഷേപ ഭാഷയുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃപ്പൂണിത്തുറയിൽ ബിജെപി സംഘടിപ്പിച്ച 'വികസിത തൃപ്പൂണിത്തുറയ്ക്കായ്' എന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ ഇടപാടുകളെ പരിഹസിച്ച നേതാക്കളെയും എയിംസ് വരില്ലെന്ന് പറയുന്നവരെയും രൂക്ഷമായി വിമർശിക്കുന്നതിനിടയിലാണ് മന്ത്രി വിവാദമായ പദപ്രയോഗം നടത്തിയത്.(Union Minister Suresh Gopi makes abusive remarks on AIIMS issue)
"കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റൂ" എന്നായിരുന്നു മന്ത്രിയുടെ പരാമർശം. എയിംസ് വരുമെന്ന് പറയുമ്പോൾ പലരും അങ്കലാപ്പിലാണെന്നും പുച്ഛിക്കുന്നത് ചിലരുടെ ഡിഎൻഎ ആണെന്നും അദ്ദേഹം ആരോപിച്ചു.
പണ്ട് ഡിജിറ്റൽ ഇടപാടുകളെ പുച്ഛിച്ച സാമ്പത്തിക വിദഗ്ധരെയും അഭിഭാഷകരെയും സുരേഷ് ഗോപി വിമർശിച്ചു. തക്കാളിയും ഉരുളക്കിഴങ്ങും വിൽക്കുന്നവർ എങ്ങനെ പി.ഒ.എസ് മെഷീൻ ഉപയോഗിക്കുമെന്ന് ചോദിച്ചവർക്ക് മുന്നിൽ രാജ്യം ഇന്ന് ഡിജിറ്റലായി വളർന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എയിംസിനായി തനിക്ക് വ്യക്തിപരമായ ചില മുൻഗണനകളുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. വികസനകാര്യത്തിൽ അവഗണിക്കപ്പെട്ട ആലപ്പുഴ ജില്ലയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. അവിടെ സാധിച്ചില്ലെങ്കിൽ പിന്നീട് തൃശ്ശൂർ ജില്ലയെ പരിഗണിക്കണം. ഇതാണ് നീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയിംസ് വരുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടെന്നും അങ്ങനെയുള്ളവർ ആ ഭയത്തിൽ മുങ്ങി മരിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
2015 മുതൽ എയിംസിനായി കൂടുതൽ ജില്ലകളുടെ പേര് നിർദ്ദേശിക്കാൻ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ കോഴിക്കോട് കിനാലൂർ കേന്ദ്രീകരിച്ചാണ് എയിംസിനായുള്ള ചർച്ചകൾ സംസ്ഥാന തലത്തിൽ സജീവമായിരിക്കുന്നത്. എന്നാൽ ഇതിനിടയിലാണ് ആലപ്പുഴയ്ക്കും തൃശ്ശൂരിനും വേണ്ടി സുരേഷ് ഗോപി വാദമുയർത്തുന്നത്.
