തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തലസ്ഥാനത്തെത്തി(Amit Shah). ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിന്റെ ആദ്യ പടിയായി ഓഫീസ് മന്ദിരത്തിൽ അദ്ദേഹം പതാക ഉയർത്തും.
ശേഷം ഓഫീസ് മന്ദിരം നാടമുറിച്ച് ഉദ്ഘാടനം ചെയ്യും. മന്ദിരത്തുള്ളിൽ സ്ഥാപിച്ചിട്ടുള്ള മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി.മാരാരുടെ വെങ്കല പ്രതിമ അനാവരണം ചെയ്യുന്ന മന്ത്രി 11.30ന് പുത്തരിക്കണ്ടം മൈതാനിയിലേക്ക് തിരിക്കും.
അവിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5,000 വാർഡ് സമിതികളിലെ 25,000 പേർ പങ്കെടുക്കുന്ന വാർഡുതല നേതൃസംഗമത്തെ അഭിസംബോധന ചെയ്യുമെന്നും അധികൃതർ അറിയിച്ചു.