'കാട്ടുനീതി, ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥ': N സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തതിൽ KC വേണുഗോപാൽ | Congress

മോദി-ഷാ മോഡൽ ഭരണകൂടമാണിതെന്ന് അദ്ദേഹം പറഞ്ഞു
'കാട്ടുനീതി, ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥ': N സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തതിൽ KC വേണുഗോപാൽ | Congress
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചതിന്റെ പേരിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരള പൊലീസിന്റേത് കാട്ടുനീതിയെന്നും ആഭ്യന്തര വകുപ്പിൽ 'ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച' അവസ്ഥയാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.(Unfair, KC Venugopal on Congress leader's custody)

ഒരു കൊലക്കേസ് പ്രതിയെ പിടികൂടുന്നത് പോലെ വീട് വളഞ്ഞാണ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്. ഇത്തരമൊരു കാട്ടാളത്ത സംസ്കാരം എവിടെ നിന്നാണ് ലഭിച്ചതെന്ന് വേണുഗോപാൽ ചോദിച്ചു. നരേന്ദ്ര മോദിയും അമിത് ഷായും കേന്ദ്രത്തിൽ നടത്തുന്ന അതേ രാഷ്ട്രീയ പകപോക്കലിന്റെ കാർബൺ പതിപ്പാണ് കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പിലാക്കുന്നത്.

ശബരിമല സ്വർണക്കേസിലെ പ്രതിയായ ഡി. മണി ഒളിവിലായിട്ട് നാളുകളേറെയായിട്ടും പിടികൂടാൻ സാധിക്കാത്ത പൊലീസ്, വിമർശിക്കുന്നവരെ നിശബ്ദരാക്കാൻ മാത്രം അമിതവേഗം കാട്ടുകയാണ്. കേരളത്തിൽ ഇപ്പോൾ പിണറായി വിജയന് മാത്രമേ പരിരക്ഷയുള്ളൂ എന്ന സ്ഥിതിയാണ്. അദ്ദേഹത്തെ ആർക്കും വിമർശിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.

"നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതിൽ ആർക്കും എതിർപ്പില്ല. എന്നാൽ രാഷ്ട്രീയ വിരോധം തീർക്കാൻ പൊലീസിനെ ഉപയോഗിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. എഐ ഫോട്ടോകളുടെ കാര്യത്തിൽ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണം." - കെ.സി. വേണുഗോപാൽ ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com