തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചത് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനവിധി അംഗീകരിക്കുന്നതായും എല്ലാ സാഹചര്യങ്ങളും ആത്മാർത്ഥമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തി ശക്തമായി തിരിച്ചു വരുമെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.(Unexpected setback, will examine all situations, says Binoy Viswam on setback on Local body election)
തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിന്റെ ഭാഗമായി എല്ലാ വിഷയങ്ങളും പരിശോധിക്കുമെന്ന് ബിനോയ് വിശ്വം അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിശോധനാ പരിധിയിൽ വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട് സി.പി.എം. നേതാവ് എം.എം. മണി നടത്തിയ വിവാദ പരാമർശത്തെ ബിനോയ് വിശ്വം തള്ളിക്കളഞ്ഞു.
കമ്മ്യൂണിസ്റ്റുകാർ നിലപാട് പറയുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളും ശൈലിയും പ്രധാനപ്പെട്ടതാണെന്നും അതിനകത്ത് എല്ലാമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിന്റെ ഭാഗമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും എ.കെ.ജി. സെന്റർ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തി. ഇരു പാർട്ടികളുടെയും നേതൃയോഗങ്ങൾ ചേരുന്നതിന് മുന്നോടിയായിരുന്നു ഈ കൂടിക്കാഴ്ച.
സി.പി.ഐ. സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളാണ് ഇന്ന് ചേരുന്നത്. വികസനവും ക്ഷേമ പദ്ധതികളും പത്ത് വർഷത്തെ ഭരണനേട്ടവും വോട്ടർമാരിൽ വിലപ്പോയിട്ടില്ലെന്നാണ് സി.പി.ഐ. നേതാക്കളുടെ പ്രാഥമിക വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ള, ആഗോള അയ്യപ്പസംഗമം, ശക്തമായ ഭരണവിരുദ്ധ വികാരം എന്നിവയാണ് തിരിച്ചടിക്ക് കാരണമായി സി.പി.ഐ. പൊതുവെ കാണുന്നത്. സർക്കാരിന് ജനപിന്തുണ കുറയുന്നു എന്ന വിലയിരുത്തലാണ് പൊതുവെ സി.പി.ഐ. നേതാക്കൾക്കുള്ളത്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങളും ഇന്ന് നടക്കുന്നുണ്ട്.