ആലപ്പുഴ : ദുബൈയിൽ വിദ്യാർത്ഥിയായ ആലപ്പുഴ മാവേലിക്കര സ്വദേശി വൈഷ്ണവ് കൃഷ്ണകുമാറിന്റെ ആകസ്മിക മരണത്തിന്റെ ഞെട്ടലിലാണ് പ്രവാസ ലോകം. യുഎഇ ഗോൾഡൻ വിസ ലഭിച്ച പ്രതിഭാശാലിയായ വിദ്യാർത്ഥിയായിരുന്ന വൈഷ്ണവ്, ദീപാവലി ആഘോഷങ്ങൾക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.(Unexpected demise of Vaishnav Krishnakumar shocks everyone )
പ്രതീക്ഷയായിരുന്ന വിദ്യാർത്ഥി
പഠനത്തിൽ മിടുക്കനായ വൈഷ്ണവിന്റെ ഭാവിയെക്കുറിച്ച് വീട്ടുകാർക്ക് വലിയ പ്രതീക്ഷയായിരുന്നു. മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബൈയിലെ ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയായിരുന്നു വൈഷ്ണവ്. പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് വൈഷ്ണവിന് ഗോൾഡൻ വിസ ലഭിച്ചത്.
കഴിഞ്ഞ 20 വർഷമായി ദുബൈയിൽ താമസിക്കുന്ന വി. ജി. കൃഷ്ണകുമാർ- വിധു കൃഷ്ണകുമാർ ദമ്പതികളുടെ മകനാണ് വൈഷ്ണവ്. മാതാവ് ഇതേ സ്കൂളിലെ അധ്യാപികയാണ്. പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യത്തിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്ന വൈഷ്ണവിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി കുടുംബത്തിന് അറിവില്ല. മരണകാരണം സംബന്ധിച്ച് ദുബൈ പോലീസ് ഫോറൻസിക് വിഭാഗം കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.