തിരുവനന്തപുരം: ശാസ്തമംഗലത്തെ എം.എൽ.എ ഓഫീസ് ഒഴിയണമെന്ന കൗൺസിലർ ആർ. ശ്രീലേഖയുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി വി.കെ. പ്രശാന്ത് എം.എൽ.എ. ശ്രീലേഖയുടേത് രാഷ്ട്രീയ മര്യാദയില്ലാത്ത നടപടിയാണെന്നും ഇതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.(Unethical action, political motives behind it, VK Prashanth MLA lashes out at R Sreelekha)
കോർപ്പറേഷന് കൃത്യമായി വാടക നൽകിയാണ് ഓഫീസ് പ്രവർത്തിക്കുന്നത്. മാർച്ച് 31 വരെ ഇതിന് കരാർ കാലാവധിയുണ്ട്. ഒരു കെട്ടിടം ഒഴിപ്പിക്കണമെങ്കിൽ അതിന് നോട്ടീസ് നൽകേണ്ടത് നഗരസഭാ സെക്രട്ടറിയാണ്. അല്ലാതെ കൗൺസിലർക്ക് വ്യക്തിപരമായി ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കാൻ അധികാരമില്ല. ശ്രീലേഖയ്ക്ക് പിന്നിൽ ഇത്തരം നീക്കങ്ങൾക്കായി പ്രത്യേക ആളുകളുണ്ടെന്നും എം.എൽ.എ ആരോപിച്ചു.
എം.എൽ.എ ഓഫീസ് താഴത്തെ നില മുഴുവൻ കൈയടക്കി വെച്ചിരിക്കുകയാണെന്നും തനിക്ക് സ്വന്തം വാർഡിൽ ജനങ്ങളെ കാണാൻ സൗകര്യപ്രദമായ ഓഫീസില്ലെന്നുമാണ് ആർ. ശ്രീലേഖയുടെ വാദം. എം.എൽ.എ ഒഴിഞ്ഞാൽ മാത്രമേ കൗൺസിലർക്ക് മികച്ച ഓഫീസ് ഒരുക്കാൻ കഴിയൂ എന്ന നിലപാടിൽ അവർ ഉറച്ചുനിൽക്കുന്നു.
നിലവിൽ നഗരസഭാ കൗൺസിൽ തീരുമാനപ്രകാരമാണ് എം.എൽ.എ ഓഫീസ് അവിടെ പ്രവർത്തിക്കുന്നത്. എന്നാൽ ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള നഗരസഭാ കൗൺസിൽ കെട്ടിടം ഒഴിപ്പിക്കാൻ ഔദ്യോഗികമായി തീരുമാനമെടുത്താൽ എം.എൽ.എയ്ക്ക് നിയമപരമായി അവിടെ നിന്ന് മാറേണ്ടി വരും.