

വിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ഝാർഖണ്ഡിനെ നാല് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 17 പന്തുകൾ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. (Women's cricket)
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഝാർഖണ്ഡിന് തുടക്കം തന്നെ പിഴച്ചു. മൂന്ന് മുൻനിര ബാറ്റർമാരെയും പുറത്താക്കി സൂര്യ സുകുമാർ തുടക്കത്തിൽ തന്നെ കേരളത്തിന് മുൻതൂക്കം സമ്മാനിച്ചു. തുടർന്നെത്തിയവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോൾ, രണ്ട് പേർ മാത്രമാണ് ഝാർഖണ്ഡ് നിരയിൽ രണ്ടക്കം കണ്ടത്. എട്ടാമതായി ഇറങ്ങി 28 റൺസുമായി പുറത്താകാതെ നിന്ന വൃഷ്ടി കുമാരിയുടെ ഇന്നിങ്സാണ് അവരെ വലിയൊരു നാണക്കേടിൽ നിന്ന് കരകയറ്റിയത്. കേരളത്തിന് വേണ്ടി സൂര്യ സുകുമാർ മൂന്നും ശീതൾ വി.ജെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ തുടക്കവും മികച്ചതായിരുന്നില്ല. ഓപ്പണർമാരായ ദിയ ഗിരീഷും ശ്രദ്ധ സുമേഷും ആറ് റൺസ് വീതം നേടി മടങ്ങി. അനന്യ പ്രദീപ് എട്ടും വൈഷ്ണ എം പി മൂന്നും റൺസെടുത്ത് പുറത്തായി. എന്നാൽ ഒരറ്റത്ത് ഉറച്ച് നിന്ന് പൊരുതിയ ക്യാപ്റ്റൻ നജ്ലയുടെയും കഴിഞ്ഞ മത്സരത്തിലെ മികവ് ആവർത്തിച്ച ഇസബെല്ലിൻ്റെയും ഇന്നിങ്സുകൾ കേരളത്തിന് തുണയായി. കേരളം 17.1 ഓവറിൽ ലക്ഷ്യത്തിലെത്തി. നജ്ല 24ഉം ഇസബെൽ പുറത്താകാതെ 19 റൺസും നേടി. ഝാർഖണ്ഡിന് വേണ്ടി ആനന്ദിത കിഷോർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.