ആലപ്പുഴ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ആലപ്പുഴ ജില്ലയിൽ രാഷ്ട്രീയ പോരാട്ടം മുറുകുന്നു. ജില്ലയിലെ 72 പഞ്ചായത്തുകളിൽ എട്ടിടത്ത് ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. അഞ്ചിടത്ത് എൻ.ഡി.എ വലിയ ഒറ്റകക്ഷിയായപ്പോൾ, സ്വതന്ത്രരും റിബലുകളും ഭരണമാറ്റത്തിൽ നിർണ്ണായകമാകും.(Uncertainty in 8 panchayats in Alappuzha)
സീറ്റുകൾ തുല്യമായതിനെത്തുടർന്ന് അഞ്ച് പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെയാകും പ്രസിഡന്റിനെ തീരുമാനിക്കുക. വള്ളികുന്നം, ചെറിയനാട്, കരുവാറ്റ, താമരക്കുളം, ചേന്നംപള്ളിപ്പുറം എന്നീ പഞ്ചായത്തുകളിലാണ് ഭാഗ്യപരീക്ഷണം നടക്കുക.
ചേപ്പാട്, തകഴി പഞ്ചായത്തുകളിൽ സ്വതന്ത്രർ യു.ഡി.എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ ഭരണം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പാലമേലിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ചു വിജയിച്ച സി.പി.എം റിബൽ യു.ഡി.എഫിനെ പിന്തുണയ്ക്കും.
ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ എൻ.ഡി.എ ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. കാർത്തികപ്പള്ളി (6 സീറ്റ്), തിരുവൻവണ്ടൂർ (5), ബുധനൂർ (7), നീലംപേരൂർ (7), ചെന്നിത്തല തൃപ്പെരുന്തുറ (7) എന്നിവിടങ്ങളിലാണ് ബി.ജെ.പി മുന്നേറ്റം നടത്തിയത്. കഴിഞ്ഞ തവണ എൻ.ഡി.എയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ എൽ.ഡി.എഫും യു.ഡി.എഫും സഹകരിച്ചിരുന്നെങ്കിലും ഇത്തവണ അത്തരം സഖ്യങ്ങൾ വേണ്ടെന്ന് ഇരു മുന്നണികളുടെയും ജില്ലാ നേതൃത്വങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ ഈ പഞ്ചായത്തുകളിലെ ഭരണമാറ്റം സങ്കീർണ്ണമാകും.
പട്ടികജാതി സംവരണമായ പാണ്ടനാട് യു.ഡി.എഫിന് സ്ഥാനാർത്ഥിയില്ലാത്തതിനാൽ പ്രസിഡന്റ് പദവി എൽ.ഡി.എഫിനും വൈസ് പ്രസിഡന്റ് പദവി യു.ഡി.എഫിനും ലഭിക്കാനാണ് സാധ്യത.