തിരുവനന്തപുരം: സർവകലാശാലാ വൈസ് ചാൻസലർ (വിസി) നിയമനത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സമവായ നീക്കത്തിനെതിരെ ഇടതുമുന്നണിക്കുള്ളിൽ പ്രതിഷേധം പുകയുന്നു. മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ കടുത്ത അതൃപ്തി ഉയർന്നതിന് പിന്നാലെ, അതൃപ്തി വ്യക്തമാക്കി സിപിഐയും രംഗത്തെത്തി.(Unanimity in VC appointment, Dissatisfaction within the LDF against the Chief Minister)
വിസി നിയമനത്തിൽ ഗവർണർക്ക് മുന്നിൽ വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടി രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ പൊതുവികാരം. വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ സമീപകാല നിലപാടുകൾ ഗവർണർക്ക് തിരിച്ചടിയാകുന്ന സാഹചര്യമാണുള്ളതെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി.
ഈ ഘട്ടത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഉറച്ച നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ അത് സർക്കാരിന് വലിയ നേട്ടമാകുമായിരുന്നു. മുഖ്യമന്ത്രിയുടെ അനാവശ്യ ധൃതി സർക്കാരിന്റെ പോരാട്ടവീര്യത്തെ ചോർത്തിക്കളഞ്ഞെന്നും യോഗത്തിൽ വിമർശനമുയർന്നു. വിഷയത്തിൽ സിപിഐയും തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കിയിട്ടുണ്ട്. സർക്കാരും ഗവർണറും തമ്മിലുള്ള ഈ ഒത്തുതീർപ്പ് വഴി യഥാർത്ഥ നേട്ടമുണ്ടായത് ലോക്ഭവനാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ. സർക്കാർ ശക്തമായ നിലപാട് തുടർന്നിരുന്നുവെങ്കിൽ വിസി നിയമന അധികാരം ഗവർണറിൽ നിന്ന് മാറ്റാനുള്ള നിയമനടപടികൾക്ക് കൂടുതൽ കരുത്ത് ലഭിക്കുമായിരുന്നു. മുഖ്യമന്ത്രി എന്തിന് ഇത്ര പെട്ടെന്ന് സമവായത്തിന് തയ്യാറായി എന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണെന്നും സിപിഐ നേതാക്കൾ ആരോപിക്കുന്നു.
ഗവർണർക്കെതിരെ നിയമസഭയിലും തെരുവിലും കടുത്ത പോരാട്ടം നയിച്ച ശേഷം, പെട്ടെന്നുണ്ടായ ഈ നയം അണികൾക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇടതുമുന്നണി യോഗത്തിലും ഈ വിഷയം സജീവ ചർച്ചയാകാൻ സാധ്യതയുണ്ട്.