'സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്ന വർഗീയ ചാപ്പകുത്ത് ക്യാപ്സ്യൂൾ കണ്ടു' : 22 വർഷത്തെ പോലീസ് ജീവിതം അവസാനിച്ചെന്ന് ഉമേഷ് വള്ളിക്കുന്ന് | Police
കോഴിക്കോട്: അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടതിന് പിന്നാലെ പ്രതികരണവുമായി ഉമേഷ് വള്ളിക്കുന്ന്. പത്തനംതിട്ട എസ്.പിയുടെ ദൂതന്മാർ വീട്ടിലെത്തി ഉത്തരവ് കൈമാറിയ രീതിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പിരിച്ചുവിടൽ ഉത്തരവ് നൽകാൻ എത്തിയ ഉദ്യോഗസ്ഥർ കാത്തുനിന്നത് ഒരു കള്ളനെ പിടിക്കാൻ എത്തുന്നതുപോലെയാണെന്ന് ഉമേഷ് ആരോപിക്കുന്നു.(Umesh Vallikkunnu says his 22-year police career is over)
ഒരു ഫോൺ കോൾ പോലും ചെയ്യാതെ, വാഹനം ദൂരെ പാർക്ക് ചെയ്ത് പതുങ്ങി വന്നാണ് ഉദ്യോഗസ്ഥർ ബെല്ലടിച്ചത്. സ്ത്രീകൾ മാത്രമുള്ള വീട്ടിലേക്ക് അനുവാദമില്ലാതെ കയറിച്ചെന്ന നടപടി ശരിയായില്ല. പോലീസുകാർ മിനിമം മര്യാദ കാണിക്കണമായിരുന്നു. താൻ മുങ്ങിക്കളയുമെന്ന് കരുതിയാണോ ഈ പെരുമാറ്റമെങ്കിൽ സഹതാപം മാത്രമേയുള്ളൂവെന്നും അദ്ദേഹം കുറിച്ചു.
തനിക്കെതിരെ സൈബർ ഇടങ്ങളിൽ നടക്കുന്ന 'വർഗീയ ചാപ്പകുത്തൽ' മറുപടി പോലും അർഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പിരിച്ചുവിടലിന്റെ പിന്നിലെ രാഷ്ട്രീയവും സ്വഭാവവും കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരും മനസ്സിലാക്കിയിട്ടുണ്ടെന്നത് അഭിമാനകരമാണെന്നും ഉമേഷ് വ്യക്തമാക്കി. "21.12.2025 തീയതിയിലെ ഉത്തരവ് പ്രകാരം ഇന്നലെ മുതൽ ഞാൻ സർവീസിൽ ഇല്ല. 22 വർഷത്തെ പോലീസ് ജീവിതം അവസാനിച്ചിരിക്കുന്നു," ഉമേഷ് പറഞ്ഞു. പിരിച്ചുവിടലിനെതിരെ അപ്പീലും കേസും തുടരും. അവസാന നിമിഷം വരെ പൊരുതും. ജനുവരി മുതൽ മറ്റൊരു തൊഴിൽ മേഖലയിലേക്ക് കടക്കും. നിലവിലുള്ള കടബാധ്യതകൾ സുഹൃത്തുക്കളുടെ സഹായത്തോടെ തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
