
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലികമായി നിര്‍മിച്ച സ്‌റ്റേജില്‍ നിന്നും വീണ് ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലായിരുന്ന ഉമ തോമസ് എം.എല്‍.എ നാളെ(വ്യാഴാഴ്ച) ആശുപത്രി വിടും. ഡിസംബര്‍ ഇരുപത്തിയൊമ്പതിന് വൈകിട്ട് ആറരയോടെയായിരുന്നു ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ഫിസിയോ തെറാപ്പി വീട്ടില്‍ നിന്നും തുടരാം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി വിടാന്‍ തീരുമാനമെടുക്കുന്നത്. നീണ്ട ഒന്നരമാസത്തെ ചികിത്സയ്‌ക്ക് ശേഷം സുഖം പ്രാപിച്ച ഉമാ തോമസ് ആശുപത്രി വിടുന്നതിനുമുമ്പ് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നര്‍ത്തകര്‍ ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു ഉമാ തോമസ് അശാസ്ത്രീയമായി നിര്‍മിച്ച സ്‌റ്റേജില്‍ നിന്നും പതിനഞ്ച് അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റത്. ഡിസംബര്‍ ഇരുപത്തിയൊമ്പതിന് വൈകുന്നേരം ആറരയോടെയായിരുന്നു ഉമാ തോമസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം വെന്റിലേറ്ററിലേക്ക് മാറ്റിയ ഉമാ തോമസ്സിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനെത്തുടര്‍ന്ന് പിന്നീട് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.