
കൊച്ചി: നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്ക് പറ്റിയ ഉമ തോമസ് എം.എല്‍.എ. ആശുപത്രിവിട്ടു. കലൂര്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലികമായി നിര്‍മിച്ച സ്റ്റേജില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഉമ തോമസ് എം.എല്‍.എ. ഡിസംബര്‍ ഇരുപത്തിയൊമ്പതിന് വൈകിട്ട് ആറരയോടെയായിരുന്നു ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അവര്‍ ആശുപത്രി വിടുന്നത്.
ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിടുന്ന കാര്യം ഉമ തോമസ് എം.എല്‍.എം ബുധനാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തന്നെ ശശ്രൂഷിച്ച ഡോക്ടര്‍മാര്‍, നേഴ്സ്, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്കും സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും നന്ദി അറിയിക്കുന്നതായി ഉമ തോമസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രി വിട്ട ഉമാ തോമാസിന് വലിയ യാത്രയയപ്പാണ് ആശുപത്രി ജീവനക്കാര്‍ നല്‍കിയത്.
ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനായി ഏതാനും ആഴ്ച്ചകള്‍ കൂടെ വിശ്രമം വേണം.അതോടൊപ്പം കുറച്ച് ദിവസങ്ങള്‍ കൂടി സന്ദര്‍ശനങ്ങളില്‍ നിയന്ത്രണം ഉണ്ടാവണമെന്നുമാണ് അറിയിച്ചിട്ടുള്ളത്.