

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ വീണു പരിക്കേറ്റ സംഭവത്തിനു പിന്നാലെ സംഘാടകർക്കെതിരെ നടപടി സ്വീകരിച്ചു. നൃത്ത പരിപാടിയുടെ ഇവന്റ് മാനേജർ കൃഷ്ണ കുമാറിനെ അറസ്റ്റ് ചെയ്തു. നേരത്തെ, മുൻകൂർ ജാമ്യാപേക്ഷയുമായി ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് പരിപാടിക്കിടെ ഗാലറിയിൽനിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിനു ഗുരുതര പരിക്കേറ്റത്. തലച്ചോറിനു ക്ഷതമേൽക്കുകയും ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. നിലവിൽ തലച്ചോറിലെ രക്തസ്രാവം നിയന്ത്രണവിധേയമാണെന്നാണു റിപ്പോർട്ട്. പാലാരിവട്ടത്തെ സ്വാകര്യ ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ് ഉമാ തോമസ് എംഎൽഎ.
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ ജിസിഡിഎ നൽകിയ നിർദേശങ്ങൾ സംഘാടകർ ലംഘിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ നേരത്തെ പറഞ്ഞിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് സംവിധാനം ഏർപ്പെടുത്തിയിരുന്നുവെന്നും കമ്മീഷണർ പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല. വിവിധ വകുപ്പുകളിലെ അനുമതി സംഘാടകർ വാങ്ങേണ്ടതാണ്. എല്ലാം വിശദമായി അന്വേഷിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.