
കൊച്ചി: ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മാക്‌സിമ കറന്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്കായി ഓട്ടോ സ്വീപ് സംവിധാനമായ ഉജ്ജീവന്‍ സ്വീപ് സ്മാര്‍ട്ട് അവതരിപ്പിച്ചു. തടസ രഹിത ദൈനംദിന ഇടപാടുകള്‍ക്ക് പുറമെ നിഷ്‌ക്രിയ ഫണ്ടുകളില്‍ നിന്നും പരമാവധി വരുമാനം നേടാന്‍ ബിസിനസുകളെയും പ്രൊഫഷണലുകളെയും സഹായിക്കാന്‍ ലക്ഷ്യമിടുന്നതാണീ നൂതന സംവിധാനം.
ഉജ്ജീവന്‍ സ്വീപ് സ്മാര്‍ട്ടിലൂടെ മാക്‌സിമ കറന്റ് അക്കൗണ്ടുകളിലെ മിച്ചം വരുന്ന തുക സ്വയം ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റപ്പെടും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് മിച്ചം വരുന്ന ഫണ്ടില്‍ പ്രതിവര്‍ഷം ആറ് ശതമാനം പലിശ നേടാം. അക്കൗണ്ട് ബാലന്‍സ് നാല് ലക്ഷം രൂപ കവിയുന്നതോടെ എല്ലാ തിങ്കളാഴ്ചയും സ്വീപ്പ്-ഔട്ട് പ്രക്രിയ (അധികം വരുന്ന തുക സ്വയം സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്ന പ്രക്രിയ) ആരംഭിക്കും. അധിക തുക 10,000ത്തിന്റെ ഗുണിതങ്ങളായി 180ദിവസത്തിനുള്ളില്‍ ഒരു സ്ഥിര നിക്ഷേപത്തിലേക്ക് മാറും. വ്യവസായിക ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ക്ക് നാല് ലക്ഷം രൂപ മുതല്‍ തങ്ങളുടെ ഇഷ്ടത്തിന് അനുസൃതമായി പരിധി നിശ്ചയിക്കാനുള്ള സൗകര്യവുമുണ്ട്.
അക്കൗണ്ട് ബാലന്‍സില്‍ കുറവുണ്ടായാല്‍ ലിങ്ക് ചെയ്ത നിക്ഷേപങ്ങള്‍ 10,000 രൂപയുടെ ഗുണിതങ്ങള്‍ എന്ന കണക്കില്‍ ഭാഗികമായി വീണ്ടും ലിക്വിഡേറ്റ് ചെയ്യപ്പെടും.
ലാസ്റ്റ് ഇന്‍, ഫസ്റ്റ് ഔട്ട് എന്ന രീതിയിലാണ് ഇത്. ഈ സംവിധാനത്തില്‍ ഉണ്ടാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് 180 ദിവസത്തെ കാലയളവില്‍ പ്രതിവര്‍ഷം 6% പലിശ നിരക്ക് ലഭിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ക്ക് അനുസൃതമാണിത്. ടിഡിഎസ് ഉള്‍പ്പെടെയുള്ള സ്റ്റാന്‍ഡേര്‍ഡ് റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ഇതിന് ബാധകമാണ്.
യോഗ്യരായ മാക്‌സിമ കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് ഉജ്ജീവന്‍ സ്വീപ് സ്മാര്‍ട്ട് പദ്ധതി നിലവില്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍മാരുമായി ബന്ധപ്പെട്ടോ ഏറ്റവും അടുത്ത ഉജ്ജീവന്‍ എസ്എഫ്ബി ശാഖ സന്ദര്‍ശിച്ചോ ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രവര്‍ത്തനക്ഷമമാക്കാം.